Breaking News

സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമഗ്ര വികസനമാണ് സർക്കാരിൻറെ കാഴ്ചപ്പാട് ; എം രാജഗോപാലൻ എംഎൽഎ നീലേശ്വരം നഗരസഭ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു

സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമഗ്ര വികസനമാണ് സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാടെന്ന് എം. രാജഗോപാലൻ എം.എൽ.എ. നീലേശ്വരം നഗരസഭ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമാകുമ്പോഴാണ് സാമൂഹ്യ നീതി ഉറപ്പാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.വികസനം കേവലം അടിസ്ഥാന സൗകര്യ മേഖലയിൽ ഒതുക്കാതെ, ഓരോ മേഖലയിലെയും പരിമിതികൾ കണ്ടെത്തി, വിടവുകൾ നികത്തി, ജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് എം.എൽ.എ. വ്യക്തമാക്കി. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, കെ-സ്മാർട്ട് ഇ-സേവനങ്ങൾ, മാലിന്യമുക്ത നവകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിജ്ഞാന കേരളം അടക്കമുള്ള മാതൃകാ പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിക്കൊണ്ട് നിരവധി ദേശീയ പുരസ്കാരങ്ങളാണ് കേരളത്തെ തേടിയെത്തിയത്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം, അതിദരിദ്രരില്ലാത്ത സംസ്ഥാനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്ഠതാ സൂചികയിൽ ഒന്നാമത്, ഇന്ത്യാ ടുഡേയുടെ ഹാപ്പിനെസ്സ് ഇൻഡക്സിൽ ഒന്നാം സ്ഥാനം, ആദ്യ ഡിജിറ്റൽ സർവകലാശാല, രാജ്യത്തെ ആദ്യ ഗ്രാഫിക്സ് സെന്റർ തുടങ്ങിയ നേട്ടങ്ങൾ കേരളത്തിന്റെ വികസനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും വയോജന പരിപാലനത്തിനായി വയോജന ബിൽ ഉൾപ്പെടെ എല്ലാ മേഖലയിലും കേരളം പുരോഗതിയിലാണെന്നും എം എൽ എ പറഞ്ഞു 
 അതോടൊപ്പം നീലേശ്വരത്തിന്റെ പ്രധാന വികസന പദ്ധതികളായ നീലേശ്വരം രാജാ റോഡിന്റെ പ്രവർത്തനങ്ങളും, നീലേശ്വരം മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കും എന്നും എം.എൽ.എ. പറഞ്ഞു

മുൻ എം.പി. പി.കരുണാകരൻ വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു. നഗരസഭയുടെ വികസന നേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് മുൻ എം.എൽ.എ. കെ.പി.സതീഷ്‌ചന്ദ്രൻ പ്രകാശനം ചെയ്തു. 

നഗരസഭ ചെയർപേഴ്സ‌ൺ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.ഗൗരി, മരാമത്ത്കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.രവിന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ അറിഞ്ചിറ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.ഭാർഗ്ഗവി, മുൻ നഗരസഭാ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാമോദരൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.വി.ദാമോദരൻ, സി.ഡി.എസ്. ചെയർപേഴ്സൺ പി.എം.സന്ധ്യ, വ്യാപാരി വ്യവസായി പ്രതിനിധികൾ കെ.വി.സുരേഷ് കുമാർ, ൺ വി.വി.ഉദയകുമാർ, പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം 
വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ കരുവക്കാൽ ദാമോദരൻ , എം.അസിനാർ, , എൻ.എം.അബ്ദുൾ ഖാദർ മാസ്റ്റർ , കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ, സുരേഷ് പുതിയടത്ത് , കെ.വി.ചന്ദ്രൻ , എം.ജെ.ജോയ് തുടങ്ങിയവർ പങ്കെടുത്തു
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ്റാഫി സ്വാഗതവും
നഗരസഭ സൂപ്രണ്ട് സുധീർ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സന്ദേശം എന്നിവ പ്രദര്‍ശിപ്പിച്ചു.നഗരസഭയുടെ വികസന നേട്ടങ്ങൾ നഗരസഭ സെക്രട്ടറി ഇൻ ചാർജ് വിനോദ് അവതരിപ്പിച്ചു.തുടര്‍ന്ന് നീലേശ്വരം നഗരസഭയുടെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും പ്രദര്‍ശിപ്പിച്ചു.ജനങ്ങളുടെ വികസന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺ ഫോറവും ഒരുക്കി.
 
നഗരസഭയുടെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ പ്രതിഫലിക്കുന്ന ഫോട്ടോ പ്രദർശനവും സദസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. നഗരസഭയുടെ നേട്ടങ്ങളുടെ നേർചിത്രമാണ് പ്രദർശനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്. പൂർത്തിയാക്കിയ റോഡുകൾ, സ്കൂളുകളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നവീകരണം, വയോജന ക്ഷേമ പദ്ധതികൾ, കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിലെ നഗരസഭയുടെ മുന്നേറ്റങ്ങൾ ചിത്രങ്ങളിലൂടെ വിശദീകരിച്ചു

No comments