Breaking News

മാണിയാട്ടെ റിട്ട അധ്യാപകന്റെ വീട്ടിലെ സ്വർണം മോഷണം: നീലേശ്വരം സ്വദേശി കസ്റ്റഡിയിൽ

റിട്ട. അധ്യാപകന്‍ മാണിയാട്ടെ കോളിക്കര വീട്ടില്‍ സി.എം.രവീന്ദ്രന്റെ(61) വീട്ടില്‍ നിന്നും അഞ്ചരപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കുടുംബസുഹൃത്തിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ വിനുവിനെയാണ് (45) ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്. 
വീട്ടിനകത്ത് സ്യൂട്ട് കേസില്‍ സൂക്ഷിച്ച ഓരോ പവന്‍ തൂക്കം വരുന്ന മൂന്ന് വളകളും രണ്ടര പവന്റെ പാലക്ക മാലയുമാണ് മോഷണം പോയത്.ഒക്ടോബര്‍ 17ന് ഉച്ചക്ക് ഒരു മണിക്കും 21ന് രാത്രി 8 മണിക്ക് ഇടയിലുള്ള സമയത്താണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു. രവീന്ദ്രന്റെ കുടുംബസുഹൃത്തായ വിനുവാണ് പലപ്പോഴും ദൂരസ്ഥലങ്ങളില്‍ പോകുമ്പോള്‍ കാര്‍ ഡ്രൈവ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും വിനു രവീന്ദ്രന്റെ വീട്ടില്‍ താമസിക്കാറുമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് മോഷണം നടത്തിയത്. വീട്ടില്‍ നിന്നും പലതവണ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നെങ്കിലും വിനുവിനെ സംശയമുണ്ടായിരുന്നില്ല.എന്നാല്‍ വിനു ആര്‍ഭാട ജീവിതം നയിക്കുന്നത് കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്ന് വ്യക്തമായത്.മോഷ്ടിച്ച സ്വര്‍ണ്ണം നീലേശ്വരം സിറ്റി സെന്ററിലെ ഒരു കടയിലാണ് വില്‍പ്പന നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

No comments