Breaking News

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പൊലിയന്ദ്രം' ആഘോഷിച്ചു​​

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയുടെ തനത് ആഘോഷമായ 'പൊലിയന്ദ്രം' കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. 
​​കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ ചിങ്ങമാസത്തിൽ ഓണം ആഘോഷിക്കുമ്പോൾ, തുലാമാസത്തിലെ കറുത്ത വാവിന് മഹാബലിയെ വരവേൽക്കുന്ന കാസർഗോഡ്, തുളുനാട് പ്രദേശങ്ങളിലെ ആചാരമാണ് പൊലിയന്ദ്രം. 'ബലീന്ദ്രപൂജ' എന്നും അറിയപ്പെടുന്ന ഈ അനുഷ്ഠാനം ഐശ്വര്യത്തിന്റെയും വിളവെടുപ്പിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ഉദ്ഘാടനത്തിൽ
​ ശ്രീകുട്ടൻ എം.വി. (അസിസ്റ്റന്റ് പ്രൊഫസർ, മഹാത്മാ കോളേജ് ഓഫ് എഡ്യൂക്കേഷൻ) പൊലിയന്ത്രത്തിന്റെ സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചും അതിന്റെ കാർഷിക ബന്ധങ്ങളെക്കുറിച്ചും സംസാരിച്ചു. പാലമരത്തിന്റെ ശിഖരത്തിൽ തിരി തെളിയിച്ചുള്ള ചടങ്ങും ഇതോടൊപ്പം നടന്നു.
​ അംബികാസുതൻ മാങ്ങാട് സംവിധാനം ചെയ്ത പൊലിയന്ദ്രം ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഡോക്യുമെന്ററിയിലൂടെ പൊലിയന്ദ്രം വിളിയുടെ ചരിത്രവും, അതിലടങ്ങിയ ആചാരാനുഷ്ഠാനങ്ങളുടെ സാമൂഹിക പ്രാധാന്യവും വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിക്കാൻ സാധിച്ചു.
​ഈ സാംസ്കാരിക സംഗമം, പ്രാദേശിക പൈതൃകങ്ങളെ സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് അവയെ പരിചയപ്പെടുത്തുന്നതിനും കോളേജ് നടത്തുന്ന ശ്രദ്ധേയമായ ശ്രമമായി. കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ ആഘോഷത്തിൽ പങ്കുചേർന്നു.

No comments