Breaking News

ഇടയിലെക്കാട് കാവിലെ വാനരസംഘത്തിന് ഓണസദ്യ.

ഇടയിലെക്കാട് കാവിലെ വാനരസംഘത്തിന് ഇത്തവണ പതിനെട്ടാമത് ഓണസദ്യ. കാട്ടുമരത്തിൻ്റെ കൊമ്പുകൾ കുലുക്കിയും സദ്യയുടെ കൗതുകങ്ങൾ കാണാനെത്തിയവർക്കു നേരെ കൊഞ്ഞനംകുത്തിയും കുരങ്ങൻമാർ കാട്ടിയ വിക്രിയകൾ ഏറെ. കാവിലെ മുപ്പതോളം വരുന്ന മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരർക്ക് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് തൂശനിലയിൽഓണസദ്യ വിളമ്പിയത്.
      സദ്യ ആരംഭിക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചതിന് മുക്കാൽ മണിക്കൂർ മുമ്പെ തന്നെ സദ്യയുണ്ണാൻ കുരങ്ങുകളെത്തിയിരുന്നു. സംഘാടനത്തിൻ്റെ ഭാഗമായി അലങ്കരിച്ചു തൂക്കിയിട്ട പൂക്കൾ വലിച്ചെറിഞ്ഞും ഗ്ലാസിലെ വെള്ളമെടുത്തു കുടിച്ചും അവർ ധൃതികൂട്ടി. വാനരർക്ക് കഴിഞ്ഞ രണ്ടുദശകക്കാലമായി മുറതെറ്റാതെ ഉപ്പു ചേർക്കാത്ത ചോറുവിളമ്പിയ ഇപ്പോൾ അസുഖത്താൽ വിശ്രമജീവിതം നയിക്കുന്ന ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ നിന്നാണ് പഴങ്ങളും പച്ചക്കറികളും ബാലവേദി പ്രവർത്തകരും മുതിർന്നവരും നുറുക്കിയെടുത്തത്. മാണിക്കമ്മ കുട്ടിപ്പടയ്ക്ക് വിഭവങ്ങൾ കൈമാറിയ ശേഷം കാവിനരികിലേക്ക് ഓണപ്പാട്ടുകൾ പാടി കുട്ടികളുടെ ഘോഷയാത്ര. അതിനു ശേഷമായിരുന്നു സദ്യ വിളമ്പൽ . മേശയ്ക്കു മുകളിൽ വാഴയിലയിൽ ആദ്യം ഉപ്പു ചേർക്കാത്ത ചോറും പിന്നെ മറ്റ് വിഭവങ്ങളും നിരന്നു. ആർത്തി മൂത്ത ചിലർ വിളമ്പലിനിടയിൽത്തന്നെ കലപില കൂട്ടി. ചക്കയോടായിരുന്നു ഏറെ പ്രിയം. അണ്ണാക്കിൽ നിറച്ചും ഇരുകൈകളിൽ പിടിച്ചും ചക്ക പ്രിയം അവർ കാട്ടി. ചക്കയുടെ സീസൺ അല്ലാത്തതിനാൽ കരിവെള്ളൂരിലെ കുണിയനിൽ നിന്നായിരുന്നു സംഘാടകർ ചക്ക കൊണ്ടുവന്നത്. ക്യാരറ്റ്,പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരി, ഉറുമാൻ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം വത്തക്ക, പൈനാപ്പിൾ, വെള്ളരി, സബർ ജില്ലി, മത്തൻ, കോവയ്ക്ക, സർബത്തിൻ കായ എന്നീ 18 ഇനങ്ങളാണ് പതിനെട്ടാമത്തെ സദ്യയിൽ വിഭവങ്ങളായി വിളമ്പിയത്. ഹരിത പെരുമാറ്റ ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ കുടിക്കാനുള്ള വെള്ളവും നൽകി. കാവിലെത്തുന്ന സഞ്ചാരികൾ കൊടുക്കുന്ന പലതരം ഭക്ഷണങ്ങൾ കുരങ്ങുകളുടെ പ്രത്യുൽപ്പാദനശേഷിയെ ഗുരുതരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിലാണ് ഗ്രന്ഥശാല സദ്യ ഒരുക്കി വരുന്നത്. ആഘോഷങ്ങൾ മനുഷ്യർക്ക് മാത്രമല്ലെന്നും സകലജീവജാലങ്ങൾക്കും കൂടിയുള്ളതാണെന്നും ഗ്രന്ഥാലയം നടത്തിവരുന്ന വൈവിധ്യമാർന്ന പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.
    ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ, പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ, പ്രസിഡൻ്റ് കെ സത്യവ്രതൻ, ബാലവേദി കൺവീനർ എം ബാബു, വി റീജിത്ത്, എം ഉമേശൻ, പി വി സുരേശൻ,വി ഹരീഷ്, കെ വി രമണി, വി വി സിന്ധു, സി ജലജ എന്നിവർ സംസാരിച്ചു.

No comments