ഡേറ്റിങ് ആപ്പിലൂടെ ബന്ധപ്പെട്ട് 16 കാരന് പീഡനം: കേസിൽ 18 പ്രതികൾ, അറസ്റ്റിലായ ബേക്കൽ എഇഒയ്ക്ക് സസ്‌പെൻഷൻ
ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന പ്രമാദമായ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ബേക്കൽ എഇഒയ്ക്ക് സസ്‌പെൻഷൻ.
പടന്ന സ്വദേശിയും പടന്നക്കാട്ട് താമസക്കാരനുമായ വി.കെ.സൈനുദ്ദീനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. 16 പ്രതികളാണ് കേസിൽ ഉള്ളത്. സൈനുദ്ദീനെ കൂടാതെ അയൽവാസി പടന്നക്കാട്ടെ റംസാൻ, കൊടക്കാട് ചൂരിക്കോൽ സ്വദേശി സുകേഷ് (40) തുടങ്ങി മൂന്ന് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇവരെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചന്തേര, നീലേശ്വരം, വെള്ളരിക്കുണ്ട്, ചീമേനി പോലീസ് സ്‌റ്റേഷനുകളിലായി 8 കേസുകളാണ് ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്തത്. കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കോഴിക്കോട്, എറണാകുളം സ്‌റ്റേഷനുകളിലായി ആറ് കേസുകളിലാണ് മറ്റ് എട്ട് പ്രതികൾ. ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിലെ 16 കാരനാണ് നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പോക്‌സോ നിയമപ്രകാരമുള്ള കേസുകളാണ് ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പലപ്പോഴായി പലയിടങ്ങളിൽ എത്തിച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. റെയിൽവേ ജീവനക്കാരനും ഫുട്ബോൾ കോച്ചുമായ ചിത്ര രാജ്, ഷിജിത്ത് ചീമേനി, പടന്നയിലെ ലീഗ് നേതാവ് വടക്കുംമ്പാട് സിറാജുദ്ദീൻ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവരുടെ ലിസ്റ്റിലുണ്ട്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ പലരും ഒളിവിൽ പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടുതൽ കേസ് വരാനും സാധ്യതയുണ്ട്. വിവിധ തലത്തിൽ പരിശോധന തുടരുകയാണ്. ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്ത്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ. പി. സതീഷ്, ചീമേനി ഇൻസ്പെക്ടർ ടി. മുകുന്ദൻ, നീലേശ്വരം ഇൻസ്പെക്ടർ എന്നിവരെ ഉൾപ്പെടുത്തി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
No comments