കൃഷിയിടത്തിൽ കാർഷിക സാങ്കേതിക വിദ്യാ പരിചയപരിപാടിയൊരുക്കി നീലേശ്വരം ബ്ലോക്ക് കാർഷിക വിജ്ഞാനകേന്ദ്രം
നീലേശ്വരം ബ്ലോക്ക് കാർഷിക വിജ്ഞാനകേന്ദ്രം നിടുമ്പ വണ്ണാത്തിക്കാനത്ത് കാർഷിക സാങ്കേതിക വിദ്യാ പരിചയപരിപാടിയൊരുക്കി.
കാർഷിക സർവകലാശാല ഇറക്കിയ അത്യുൽപാദന ശേഷിയുള്ള പയർ ഇനമായ ദീപിക കൃഷി ചെയ്ത പി തമ്പാന്റെയും ജിജോയുടെയും കൃഷിയിടത്തിലാണ് കർഷകരും കാർഷിക വിദ്യാർത്ഥികളും ഒത്തു ചേർന്നത്. കാർഷിക മേഖലയിലെ പുത്തൻ സാങ്കേതികവിദ്യകളുടെയും നവീന ഇനങ്ങളെക്കുറിച്ചുള്ള അറിവും പങ്കുവെക്കുന്നതിന് പരിപാടി വേദിയൊരുക്കി. കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യാ ദിനാഘോഷ ഭാഗമായി നടന്ന പരിപാടിയിൽ പടന്നക്കാട് കാർഷിക കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും കർഷകരും പങ്കുചേർന്നു. കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത് കുമാർ ദീപിക പയർ വിളവെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു. കാർഷിക കോളേജ് ഡീൻ ഡോ ടി സജിതറാണി കാർഷിക വിളകളുടെ ഫീൽഡ് ഗൈഡ് കർഷകർക്ക് വിതരണം ചെയ്തു. വാർഡ് മെമ്പർ കെ ടി ലത, നീലേശ്വരം ബ്ലോക്ക് കാർഷിക വിജ്ഞാനകേന്ദ്രം നോഡൽ ഓഫീസർ ഡോ എൻ ഷംന, ജില്ലാ കോ ഓർഡിനേറ്റർ ഡോ ആർ രമേശ, നീലേശ്വരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ ബിന്ദു, കൃഷി ഓഫീസർ അംബുജാക്ഷൻ എന്നിവർ സംസാരിച്ചു. കാർഷിക കോളേജ് വിദ്യാർത്ഥികൾ കർഷകർക്കായി സാങ്കേതിക വിദ്യാ ക്ലാസുകളും ഡമോൺസ്‌ട്രേഷനും നൽകി. കൃഷിയിടത്തിലെത്തിയ വിദ്യാർഥികളോട് കർഷകർ പരമ്പരാഗത കൃഷിയറിവുകളും നാട്ടറിവുകളും പങ്കുവച്ചു. കാർഷിക സർവകലാശാലയുടെ നൂതന പച്ചക്കറിയിനങ്ങൾ കൃഷി ചെയ്യുന്ന കർഷകരായ പ്രസന്ന, രാജേഷ്, തമ്പാൻ, ജിജോ എന്നിവർക്ക് ആദരവുമൊരുക്കി.
No comments