Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അടിപാതയോ മേൽപ്പാലമോ പണിയണം : രാജ് മോഹൻ ഉണ്ണിത്താൻ എം പി

 മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് രണ്ട് പ്ലാറ്റ് ഫോമുകൾക്കിടയിൽ പുതിയ അടിപാതയോ മേൽപ്പാലമോ പണിയണമെന്ന് ആവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി റെയിൽവേ മന്ത്രിക്കും റെയിൽ ബോർഡ് ചെയർമാനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിവേദനം നൽകി. ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും രണ്ടാം പ്ലാറ്റ് ഫോമിലേക്ക് സഞ്ചരിക്കുന്നതിന് സ്റ്റേഷൻ്റെ വടക്കുഭാഗത്താണ് അനുയോജ്യമായ രീതിൽ മേൽപ്പാലം നിർമ്മിക്കേണ്ടത്. കുട്ടികൾ മുതൽ മുതിർന്നവർവരെ റെയിൽ മുറിച്ചുകടന്നാണ് ഇരുഭാഗത്തേക്കും സഞ്ചരിക്കുന്നത്. ഇത് ഗുരുതരമായ അപകട സാധ്യതകൾ സൃഷ്ടിക്കുന്നു. റെയിൽ മുറിച്ചുകടക്കുന്നത് അപകടഭീഷണിയേറിയ ഒരു നടപടിയാണെന്നു മാത്രമല്ല, റെയിൽവേ നിയമം ലംഘിക്കുന്ന പ്രവ്യത്തിയുമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി അടിയന്തിരമായി മേൽപ്പാലം നിർമിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ഈ കാലഘട്ടത്തിൽ മുഴുവൻ സമയവും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന ശീലമുള്ള യാത്രക്കാരിലധികവും മിക്കവാറും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടാണ് ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിൻ എത്തുന്നതറിയാതെ തന്നെ അവർ ട്രാക്കിൽ പ്രവേശിക്കുന്നത് ചെലപ്പോൾ വലിയ അപകടങ്ങൾക്കിടയാക്കിയേക്കാം എം പി നിവേദനത്തിൽ വിശദമാക്കി. ഓഫീസ് വിടുന്ന വൈകുന്നേര സമയങ്ങളിൽ നൂറ് കണക്കിന് യാത്രക്കാരാണ് നീലേശ്വരത്ത് ഇറങ്ങുന്നതും കയറുന്നതും. വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി യാത്രക്കാർ പാളം മുറിച്ചുകടക്കുകയാണ് പതിവ് ഉണ്ണിത്താൻ വ്യക്തമാക്കി.

No comments