Breaking News

കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ പ്രധാന അധ്യാപകൻ്റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നുവെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. .

കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ പ്രധാന അധ്യാപകൻ്റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നുവെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ന് തിരുവനന്തപുരത്തു നടത്തിയ പ്രതികരണത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കും അന്വേഷണം നടത്തുകയെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 11ന് നടന്ന സ്കൂ‌ൾ അസംബ്ലിക്കിടയിലാണ് വിദ്യാർത്ഥിക്ക് പ്രധാന അധ്യാപകന്റെ മർദ്ദനമേറ്റത്. അസംബ്ലിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ കാൽകൊണ്ട് ചരൽ കൂട്ടിയെന്നു ആരോപിച്ചായിരുന്നു മർദ്ദനം. ചെവിക്ക് കടുത്ത വേദന അനുഭവപ്പെട്ടതോടെ
കുട്ടിയെ ബേഡകം ആശുപത്രിയിലെത്തിച്ചു. തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി. ഈ സമയത്താണ് ചെവിക്ക് കേൾവിക്കുറവുണ്ടെന്നും
കർണ്ണപുടം പൊട്ടിയിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചതെന്നു പറയുന്നു. ഇതിനിടയിൽ സംഭവം ഒത്തു തീർക്കാനുള്ള ശ്രമത്തിനിടെയാണ് വിവരം പുറത്തറിഞ്ഞു വിവാദമായത്.അതേസമയം കുട്ടിയുടെ കർണ്ണപുടം അടിച്ചു തകർത്ത സംഭവത്തിൽ സംഭവത്തെ കുറിച്ച്
വിശദമായ അന്വേഷണം നടത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ ബാലാവകാശ കമ്മീഷൻ ബേക്കൽ ഡിവൈ എസ് പിക്കു നിർദ്ദേശം നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി ബാലാവകാശ കമ്മീഷൻ ചൊവ്വാഴ്‌ച മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ വീട്ടിലെത്തി മൊഴിയെടുക്കും.വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
 യൂത്ത് കോൺഗ്രസ് സ്‌കൂളിലേയ്ക്ക്
മാർച്ച് നടത്തി.

No comments