മയ്യിച്ചയെ മറ്റൊരു ഷിരൂരാക്കരുത്: വീരമലയ്ക്ക് ധീരമതിൽ തീർത്ത് നാട്ടുകാർ
മയ്യിച്ച ഗ്രാമത്തെ മറ്റൊരു ഷിരൂർ ആക്കരുത് എന്ന സന്ദേശമുയർത്തി 'വീരമലയ്ക്ക് ധീരമതിലൊരുക്കി ' നാട്ടുകാരുടെ പ്രതിഷേധം. അശാസ്ത്രീയ മണ്ണെടുപ്പ് മൂലം തകർന്ന വീരമലയെ സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. മയ്യിച്ച വയൽക്കര ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് വീരമലയുടെ അടിവാരത്തിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് ഗ്രാമവാസികൾ അണിനിരന്നു. പിന്നീട് വീരമലയ്ക്ക് ചുറ്റും ഇവർ ധീരമതിൽ തീർത്തു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.രാജഗോപാലൻ എംഎൽഎ തുടങ്ങിയവർ പ്രതിഷേധസമരത്തിൽ അണിചേർന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മയിച്ച ഗ്രാമത്തിലേക്ക് കടന്നുപോകുന്ന അനുബന്ധ റോഡുകളടക്കം ഇല്ലാതായി. ഓവുചാലുകളെല്ലാം തകർന്നു. കനത്ത മഴ വന്നാൽ മയ്യിച്ച ഗ്രാമത്തിൽ വെള്ളപൊക്കം ഉണ്ടാകുന്ന അവസ്‌ഥയാണ്. വീരമലയിൽ ഉണ്ടായിരുന്ന ശ്‌മശാനം വരെ ഇല്ലാതായി. ഇത്തരത്തിൽ നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിനു കണക്കില്ല. ഇതാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്.
No comments