Breaking News

മടിക്കൈ പ്രവാസി അസോസിയേഷന്റെ സ്‌നേഹ വീട് താക്കോല്‍ കൈമാറ്റം ഓഗസ്റ്റ് 29 ന്

യുഎഇയില്‍ പ്രമുഖ സാമൂഹിക-സാംസ്‌കാരിക സംഘടനയായ മടിക്കൈ പ്രവാസി അസോസിയേഷന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ ദാന ചടങ്ങ് 29 ന് രാവിലെ 9 ന് മടിക്കൈ പുളിക്കാലില്‍ രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ചടങ്ങിൽ അധ്യക്ഷയാവും. എസ് എസ് എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മെമ്പർമാരുടെ മക്കൾക്കുള്ള ഉപഹാരം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി വിതരണം ചെയ്യും. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികളും, പ്രവാസി നേതാക്കളും, പൊതുപ്രവര്‍ത്തകരും പങ്കെടുക്കും.
മടിക്കൈ പ്രവാസി അസോസിയേഷന്‍, സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി നാട്ടില്‍ നിര്‍ധനര്‍ക്കായി വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ചാം വാർഷികത്തിൽ മടിക്കൈ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ആംബുലന്‍സ് സംഭാവന ചെയ്തിനു പുറമെ നിരവധി നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം, വിദ്യാർഥികൾക്ക് പഠന സഹായം എന്നിവയും അസോസിയേഷൻ നൽകി വരുന്നു. ഇതിന്റെ തുടർച്ചയാണ് സ്‌നേഹവീട് പദ്ധതിയും നടപ്പാക്കിയത്. കേരളത്തിൽ പഞ്ചായത്ത് തലത്തിൽ ഏറ്റവും വലിയ പ്രവാസി സംഘടനയായ മടിക്കൈ പ്രവാസി അസോസിയേഷനിൽ 600 ഓളം അംഗങ്ങളാണുള്ളത്. പ്രവാസി ലോകത്ത് നാടൻ കലകളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും മടിക്കൈ പ്രവാസി അസോസിയേഷനാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും, സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും മടിക്കൈ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത,സ്വാഗതസംഘം ചെയർമാൻ, കൺവീനർ സുമേഷ് വടക്കംത്തോട്ടം മടിക്കൈ പ്രവാസി അസോസിയേഷൻ പ്രസിഡൻ്റ് പി വി പ്രമോദ്, ട്രഷറർ ശ്രീധരൻ പെരിയടുത്ത് , രക്ഷാധികാരി ഉമാവരൻ മടിക്കൈ, സെൻ്റർ കമ്മിറ്റി അംഗങ്ങളായ മധു ആറ്റിപ്പിൽ, ശശിധരൻ പുളിക്കാൽ , അനീഷ് കാഞ്ഞിരപ്പൊയിൽ എന്നിവർ സംബന്ധിച്ചു.

No comments