എസ്ബിഐയുടെ പേരിൽ വ്യാജസന്ദേശം:പടിഞ്ഞാറ്റംകൊഴുവൽ, മൂലപ്പള്ളി മേഖലയിൽ വാട്‌സ് ആപ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ടു; ഒരാൾക്ക് അക്കൗണ്ടിൽ നിന്ന് 22, 000 രൂപയും നഷ്ടമായി<> വില്ലനായത് ഡോട് എ പി കെ ഫയൽ
എസ് ബി ഐയുടെ പേരിൽ വന്ന വ്യാജ വാട്‌സ് ആപ് സന്ദേശം തുറന്നതിലൂടെ പടിഞ്ഞാറ്റംകൊഴുവൽ, മൂലപ്പള്ളി മേഖലയിലെ പ്രാദേശിക വാട്‌സ് ആപ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ടു: ഒരാൾക്ക് അക്കൗണ്ടിലെ 22, 000 രൂപയും നഷ്ടമായി.
വിവിധ വാട്‌സ് ആപ് ഗ്രൂപ്പുകളിൽ അംഗമായ പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയുടെ ഫോണാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ ഇദ്ദേഹം അംഗമായ എല്ലാ ഗ്രൂപ്പുകളിലേക്കും ഇദ്ദേഹം അറിയാതെ അടിയന്തര അറിയിപ്പ് എന്ന പേരിൽ എസ് ബി ഐ യോനോയുടെ പോസ്റ്ററും എസ്ബിഐ ആധാർ അപ്‌ഡേറ്റ് ഡോട് എ പി കെ എന്ന ഫയലും പോസ്റ്റ് ചെയ്യപ്പെട്ടു. അക്കൗണ്ടിൽ ആധാർ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ എസ് ബി ഐ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായും സന്ദേശത്തിനൊപ്പമുള്ള എ പി കെ ലിങ്ക് ക്ലിക് ചെയ്ത് ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്നുമായിരുന്നു നിർദേശം. ഇതുപ്രകാരം ലിങ്ക് ക്ലിക്ക് ചെയ്തവരുടെ ഫോൺ ഹാക്ക് ചെയ്യുകയും ഇവർ അംഗമായ എല്ലാ ഗ്രൂപ്പുകളിലേക്കും ഇതേ സന്ദേശം ഓട്ടോമാറ്റിക് ആയി ഫോർവേഡ് ചെയ്ത് അതിവേഗം വ്യക്തികളുടെ ഫോണുകളും വാട്‌സ് ആപ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെടും വിധമായിരുന്നു ഹാക്കിങ് കുരുക്ക്. ഇതിൽ ക്ലിക് ചെയ്തപ്പോഴാണ് പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിനിയുടെ 22, 000 രൂപ എസ് ബി ഐ അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടത്. എന്നാൽ എവിടേക്കാണ് പണം പോയതെന്ന് സൂചനയൊന്നും മെസേജിൽ ഉണ്ടായിരുന്നില്ല. ഈ പോസ്റ്റ് വന്ന ഗ്രൂപ്പുകളുടെയെല്ലാം പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് മാറുകയും എസ്ബിഐയുടെ ലോഗോ ഐക്കൺ ആയി വരികയും ചെയ്തു. ഇതോടെ ഗ്രൂപ്പുകൾ ഒന്നും തമ്മിൽ തിരിച്ചറിയാൻ പറ്റാതെയുമായി. പടിഞ്ഞാറ്റംകൊഴുവൽ, മൂലപ്പള്ളി മേഖലയിലെ പ്രാദേശിക ഗ്രൂപ്പുകളിലും ഇതേ പോലെ സന്ദേശം വരികയും പേരുകൾ മാറി വരികയും ചെയ്തു.
ഇതിനിടെ പൊതുജന വായനശാല ഗ്രൂപ്പ് അംഗമായ നേരത്തെ സൈബർസെല്ലിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പി ആർ ശ്രീനാഥ് എസ് ബി ഐ പോസ്റ്ററിന് ഒപ്പമുള്ള ലിങ്കിൽ ആരും ക്ലിക്ക് ചെയ്യരുതെന്നും ഇത് പോസ്റ്റ് ചെയ്ത അംഗത്തെ ഉടൻ ഗ്രൂപ്പിൽ നിന്ന് നീക്കണമെന്നും നിർദേശം നൽകി. ഇത് പ്രകാരം മറ്റ് ഗ്രൂപ്പികളിലെയും അഡ്മിന്മാർ പ്രവർത്തിച്ചതോടെയാണ് താൽക്കാലികമായി അപകടമൊഴിഞ്ഞത്. ഇതിനിടെ ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഉടമ അംഗമായ ഗ്രൂപ്പുകൾ ഓരോന്നായി ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ സന്ദേശം ശ്രദ്ധയിൽ പെട്ടതോടെ അംഗത്തെ നീക്കി മുൻകരുതൽ എടുത്ത ഗ്രൂപ്പുകൾ മാത്രം രക്ഷപ്പെട്ടു. ചില ഗ്രൂപ്പുകളിൽ സന്ദേശം വന്നെങ്കിലും ആരും ക്ലിക് ചെയ്യാത്തതിനാൽ സാങ്കേതിക മാറ്റങ്ങൾ സംഭവിക്കുകയോ പേര് മാറുകയോ ചെയ്തില്ല. പണം നഷ്ടമായ പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിനി എസ് ബി ഐ നീലേശ്വരം ബ്രാഞ്ചിലും കാസർകോട് സൈബർ സെല്ലിലും പരാതി നൽകി. അക്കൗണ്ട് ബ്ലോക്ക്‌ചെയ്യുകയും ചെയ്തു. ഇവരുടെ പേരിൽ എസ് ബി ഐ കാസർകോട് സിവിൽ സ്‌റ്റേഷൻ ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്നാണ് പണം പോയത്.
<>എന്താണ് ഡോട് എ പി കെ ഫയൽ?
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ് ആപ്, ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവ വഴി ബാങ്കുകളുടെ പേരിലും ക്രെഡിറ്റ് കാർഡ് റെഡീം, റെയിൽവേ ടിക്കറ്റ് റീഫണ്ട്, കെ വൈ സി അപ്‌ഡേഷൻ എന്നീ പേരുകളിൽ തട്ടിപ്പുകാർ വ്യാപകമായി അയക്കുന്ന വ്യാജ ഫയലുകളാണ് ഡോട് എ പി കെ ഫയലുകൾ.
.apk എന്ന് അവസാനിക്കുന്ന ഇത്തരം ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഹാക്ക് ചെയ്യപ്പെടാൻ ഇടയാക്കും. അപരിചിതരുടെ നിർദേശപ്രകാരമോ അല്ലാതെയോ ഫോണിൽ യാതൊരു കാരണവശാലും എനിഡെസ്‌ക് പോലുള്ള സ്‌ക്രീൻ ഷെയർ ആപ്പുകളോ ഡോട് എ പി കെ ഫയലുകളോ ഇൻസ്റ്റാൾ ചെയ്യരുതെന്നാണ് വിദഗ്ധരുടെ നിർദേശം. റിവാർഡ് പോയിന്റുകൾ പോലുള്ള പ്രോത്സാഹനങ്ങളുടെയും മറ്റും പേരിലാണ് ഈ സന്ദേശങ്ങൾ അതിവേഗം വ്യാപകമായി പ്രചരിക്കുന്നത്. എ പി കെ ഫയലുകൾ ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ ആക്ടിവിറ്റി നിരീക്ഷിക്കുന്ന സ്‌പൈ വെയറോ ഫയലുകൾ ലോക്ക് ചെയ്യുന്ന റാൻസംവെയറോ കടത്തിവിടുകയോ ലോഗിൻവിവരങ്ങൾ, സ്വകാര്യസന്ദേശങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിങ്ങനെ വ്യക്തിവിവരങ്ങളും അക്കൗണ്ടും മോഷ്ടിക്കുകയോ ആണ് ചെയ്യുക.
.............
No comments