വായനാ ദിനത്തിൽ കവർ പ്രകാശനം: ഹിന്ദിയിലും മലയാളത്തിലും പുസ്തകങ്ങളുമായി നീലേശ്വരം സ്വദേശി
ഹിന്ദിയിലും മലയാളത്തിലുമായി ഓരോ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയായ അധ്യാപകൻ പി.ഹരിനാരായണൻ.
വായനാദിനമായ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സമൂഹ മാധ്യമങ്ങളിലൂടെയാണ് കവർ പ്രകാശനം. രണ്ട് പുസ്തകങ്ങളും കവിതാ സമാഹാരങ്ങളാണ്. വോ രുലായി കൽമോം കീ ഹെ എന്നാണ് ഹിന്ദി കവിതാ സമാഹാരത്തിന്റെ പേര്. 48 മലയാള കവിതകൾ സമാഹരിച്ചിരിക്കുന്നത് കലപ്പകളോട് മണ്ണ് പറഞ്ഞത് എന്ന പേരിലാണ്. വത്സൻ പിലിക്കോടിന്റെ അവതാരികയും കവി മാധവൻ പുറച്ചേരിയുടെ മുഖക്കുറിപ്പും ഉണ്ട്. ഹിന്ദി കവിതകൾക്ക് വിശദമായ പഠനം എഴുതിയിരിക്കുന്നത് കേന്ദ്രസർവകലാശാല അധ്യാപകൻ ഡോ. മനുവാണ്. ഉർദു കവിയും ഗസൽ രചയിതാവുമാണ് ഇദ്ദേഹം. ഹിന്ദി അധ്യാപകനും കവിയുമായ ഇ.വി.ആനന്ദ കൃഷ്ണന്റെ കുറിച്ചും ഉണ്ട്. ഒരു മാസത്തിനകം ഇരു പുസ്തകങ്ങളും വായനക്കാരുടെ കൈകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ജിഎച്ച്എസ് ബാരെയിൽ ഹിന്ദി അധ്യാപകനാണ് ഹരിനാരായണൻ. കാഞ്ഞിരപ്പൊയിൽ, കുമ്പള, കാഞ്ഞങ്ങാട്ട് മേലാങ്കോട്ട് സ്കൂൾ എന്നിവിടങ്ങളിലും ജോലി ചെയ്തു. ഇദ്ദേഹത്തിന്റെ ഹിന്ദി കവിതകൾ പാടി വിദ്യാർത്ഥികൾ ഉപജില്ല, ജില്ലാ കലോത്സവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. പടിഞ്ഞാറ്റംകൊഴുവൽ നെഹ്റു ബാലവേദിയിലൂടെയാണ് കലാരംഗത്തെത്തിയത്. നെഹ്റു ബാലവേദിയുടെയും ജനത കലാ സമിതിയുടെയും നാടകങ്ങളിൽ അഭിനയിക്കുകയും രചന, സംവിധാനം എന്നിവ നിർവഹിക്കുകയും ചെയ്തു. ഗാനങ്ങൾ എഴുതി ഈണമിടാറുണ്ട്. മലയാളം, ഹിന്ദി ഭാഷകളിൽ ഒരു പോലെ കവിതയും പാട്ടും എഴുതും. ഹിന്ദി അധ്യാപകരുടെ സംഘടനയായ ഹിന്ദി അധ്യാപക് മഞ്ച് നടത്തിയ സംസ്ഥാനതല ഹിന്ദി കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മുംബൈയിൽ നിന്ന് ഇറങ്ങുന്ന വാഗ്ദേവത മാസികയിൽ പ്രസിദ്ധീകരിച്ച വീരമലക്കുന്നിന്റെ കഥ പറയുന്ന പത്തോർക്കൂട്ടമെന്ന കഥ വായനക്കാർക്കിടയിൽ നല്ല ശ്രദ്ധ നേടി.നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം മേൽശാന്തിയായിരുന്ന നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ശിവരൂർ ഇല്ലത്തെ പരേതനായ സദാശിവ ശിവരൂരിന്റെയും പരേതയായ പാർവതി അമ്മയുടെയും മകനാണ്. വയനാട് സ്വദേശിനിയും കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ അധ്യാപികയുമായ വി.ശ്യാമയാണ് ഭാര്യ. സഹോദരങ്ങൾ: മഹാലക്ഷ്മി, വാസുദേവ ശിവരൂർ (കീഴ്ശാന്തി, നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം), ശ്രീധരൻ ശിവരൂർ (മേൽശാന്തി, നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം), സരസ്വതി.
No comments