കെഎസ്എസ്പിഎ തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റി നീലേശ്വരം സബ്ട്രഷറിയിലേക്ക് മാർച്ച് നടത്തി
കേരളത്തിലെ ആറ് ലക്ഷത്തോളം വരുന്ന സർവ്വീസ് പെൻഷൻകാരേയും, കുടുംബ പെൻഷൻകാരേയും പൂർണ്ണമായി അവഗണിച്ച കേരള ബജറ്റ് തീർത്തും നിരാശജനകമാണെന്നും, ഇനി വരുന്നത് യു ഡി എഫ് സർക്കാരെന്ന് ഉറപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു.
2024 ജൂലൈ മുതൽ നടപ്പിലാക്കേണ്ടിയിരുന്ന 12-ാം പെൻഷൻ പരിഷ്ക്കരണം സംബന്ധിച്ചോ, 2021 മുതലുള്ള 19 ശതമാനം ക്ഷാമാശ്വാസം ( ഗഡു ) സംബന്ധിച്ചോ ബജറ്റിൽ യാതൊരു പരാമർശങ്ങളുമില്ലാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും സബ്ബ്ട്രഷറിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് കണക്കിന് പെൻഷൻകാർ അണിനിരന്ന പ്രകടനത്തിൽ പ്രതിഷേധമിരമ്പി.
വർഷങ്ങളായി സംസ്ഥാനത്ത് നിലനില്ക്കുന്നു അഞ്ചു വർഷത്തിലൊരിക്കൽ പെൻഷൻ പരിഷ്ക്കരണം എന്ന തത്വം സർക്കാർ അട്ടിമറിച്ചിരിക്കയാണ്. ക്ഷാമാശ്വാസത്തിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്ന് പറയുന്നതല്ലാതെ കുടിശ്ശിക സംബന്ധിച്ച് യാതൊരു സൂചനകളുമില്ല. 2024 ൽ രണ്ടു ഗഡുക്ഷാമാശ്വാസം നൽകിയപ്പോൾ മുൻകാല പ്രാബല്യമില്ലാതെ ഭീമമായ കുടിശ്ശിക കവർന്നെടുത്ത അതേ രീതി തുടരാനാണ് സർക്കാർ ഭാവം. എല്ലാ കാലത്തും 19 ശതമാനമോ അതിലധികമോ വരുന്ന ക്ഷാമാശ്വാസം സർക്കാർ പിടിച്ചു വെക്കുമെന്നതാണ് ബജറ്റ് കാണിക്കുന്നത്. പിണറായി സർക്കാരിൻ്റെ രണ്ടാമൂഴം കേരളത്തിൽ പെൻഷൻകാർ നാളിതുവരെ അനുഭവിക്കാത്ത അവഗണനയുടേയും, ആനുകൂല്യ നിഷേധങ്ങളുടേയും കാലമായി മാറി. അവകാശങ്ങൾ നേടിയെടുക്കാൻ ദ്വിമുഖ പോരാട്ടം അനിവാര്യമാണ്. അദ്ദേഹം കൂട്ടി ചേർത്തു.യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ കൊക്കോട്ട് അദ്ധ്യക്ഷനായി.സംസ്ഥാന- ജില്ലാ നേതാക്കളായ പലേരി പത്മനാഭൻ, കെ.വി. രാഘവൻ , കെ.എം . വിജയൻ, ലിസ്സമ്മ ജേക്കബ്ബ്, ഏ . മോഹനൻ, ഇ. ഭാരതീ ദേവി, പി.വി. നാരായണി, സി.എം. രാധാകൃഷ്ണൻ, കെ.കുഞ്ഞി കൃഷ്ണൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ. സത്യനാഥൻ സ്വാഗതവും കെ. ആനന്ദവല്ലി നന്ദിയും പറഞ്ഞു.
No comments