Breaking News

ഉഷ്ണതരംഗം മുന്നിൽക്കണ്ട് ഹയർസെക്കൻഡറി പരീക്ഷ വിദ്യാർത്ഥി സൗഹൃദമാക്കണമെന്ന് ആവശ്യം

മാർച്ചിൽ നടക്കുന്ന ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ സമയം അടിയന്തരമായി പുനക്രമീകരിക്കണമെന്ന കേരള ഹയർസെക്കൻഡറി ടീച്ചേഴ്‌സ് യൂനിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട കോഴ്‌സും വിദ്യാലയവും തേടി ദൂരദിക്കിൽ നിന്നടക്കം കുട്ടികൾ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്രവേശനം നേടുന്നത് സാധാരണമാണ്. പരീക്ഷയും നോമ്പുകാലവും ഒന്നിച്ചെത്തുന്നതിനാൽ ഈ വർഷത്തെ പരീക്ഷ കുട്ടികൾക്ക് പരീക്ഷണമാകും.
ഈ മാസം അവസാനത്തോടെ ഉഷ്ണതരംഗം കൂടി പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ പരീക്ഷകൾ വിദ്യാർത്ഥി സൗഹൃദമാക്കേണ്ടതുണ്ട്. ഒന്നാം വർഷം ഇംപ്രൂവ് ചെയ്യുന്ന വിദ്യാർത്ഥികൾക്കാകട്ടെ, അശാസ്ത്രീയ ടൈംടേബിൾ പ്രകാരം തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ വരുന്നത് പ്രയാസകരമാണ്. ഉച്ചയ്ക്ക് ശേഷം പരീക്ഷ നടത്തിയാൽ നോമ്പുകാരായ അധ്യാപകർക്ക് ഉൾപ്പെടെ വൈകിട്ട് ഏഴിന് ശേഷമേ ജോലികൾ പൂർത്തിയാക്കി മടങ്ങാൻ സാധിക്കൂ. ഈ സാഹചര്യങ്ങൾ എല്ലാം കണക്കിലെടുത്ത് ഹയർസെക്കൻഡറി പരീക്ഷകൾ രാവിലത്തേക്ക് മാറ്റുന്നതാണ് ഉചിതമെന്ന കൗൺസിൽ യോഗം ചൂണ്ടിക്കാട്ടി. ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പുനക്രമീകരിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു.
സംസ്ഥാന സെക്രട്ടറി കെ മുഹമ്മദ് ശരീഫ് തങ്കയം കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. കരീം കൊയക്കീൽ, റഹ്‌മാൻ പാണത്തൂർ, അബ്ദുല്ലക്കുഞ്ഞി, തുഫൈൽ റഹ്‌മാൻ, വി കെ പി ജലീൽ, ഖദീജത്ത് നിസ, അബൂബക്കർ കുഞ്ഞ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികൾ: സി ചെറിസ്മ (പ്രസി), എം എം ഫൈസൽ, ഇ കെ സൂഫിയ, ഇ കെ അബ്ദുൽലത്തീഫ്, സി കൗലത്ത് (വൈ.പ്രസി), കെ ടി അൻവർ (ജന.സെക്ര), ശ്യാമിലി ദാസ്, എം അഹമ്മദ് റാഷിദ്, കെ സി മുഹമ്മദ് ശറഫുദ്ദീൻ (ജോ.സെക്ര), പി എം അബ്ദുറഫീഖ് (ട്രഷ). അക്കാദമിക് കൗൺസിൽ ഭാരവാഹികൾ: ഡോ ഐ മുഹമ്മദ് ശരീഫ് (ചെയ), കെ പി മുഹമ്മദ് റഫീഖ് (വൈസ് ചെയ), ടി എൻ ദിലീപ് കുമാർ (കൺ), അനസ് ബഷീർ (ജോ കൺ).

No comments