Breaking News

നീലേശ്വരം താലൂക്ക്: രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ ജില്ലാ കലക്ടർക്ക് നിർദേശം നൽകി

നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് പ്രതീക്ഷ നൽകി ഇതിൽ രാഷ്ട്രിയ  പാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശിച്ചു.
ജില്ലാ കലക്ടർക്കാണ് ഈ നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയകക്ഷികളുടെ അഭിപ്രായം തേടാൻ കലക്ടർ ഹൊസ്ദുർഗ് തഹസിൽദാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത് നടക്കുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഇക്കാര്യം അജൻഡയിൽ ഉൾപ്പെടുത്തിയേക്കും. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ താൽപര്യമായിരുന്നു അദ്ദേഹം മത്സരിച്ച നീലേശ്വരം മണ്ഡലത്തിന്റെ ആസ്ഥാനത്ത് താലൂക്ക് വേണമെന്നത്. ഇതിനായി കമ്മീഷനെയും നിയോഗിച്ചിരുന്നു.
ജില്ലയുടെ രൂപീകരണ കാലത്ത് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും താലൂക്ക് എന്ന വാഗ്ദാനം ആവർത്തിച്ചു. എന്നാൽ കാര്യങ്ങൾ വാഗ്ദാനത്തിലൊതുങ്ങിയതോടെ ജില്ലാ രൂപീകരണ വേളയിൽ സർവകക്ഷി ഹർത്താൽ ഉൾപ്പെടെ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് പ്രക്ഷോഭരംഗത്ത് നിന്ന് പിന്മാറി. ജില്ലയുടെ രൂപീകരണ കാലത്ത് കാസർകോട്, ഹൊസ്ദുർഗ് എന്നീ താലൂക്കുകൾ മാത്രമാണുണ്ടായിരുന്നത്. പിന്നീട് മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകൾ വന്നപ്പോഴും നീലേശ്വരം താലൂക്ക് എന്ന ആവശ്യം അവഗണിക്കപ്പെട്ടു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നാല് കമ്മീഷനുകൾ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും നടപ്പായില്ല. വർഷങ്ങൾക്കിപ്പുറം നീലേശ്വരം താലൂക്ക് രൂപീകരിക്കാൻ സാധ്യത തേടി രാഷ്ട്രീയകക്ഷികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശിച്ചത് മേഖലയിൽ വലിയ പ്രതീക്ഷ ഉയർത്തിട്ടുണ്ട്.

No comments