മണ്ണ് പരിശോധനയിൽ ഒതുങ്ങിനീലേശ്വരം മിനി സിവിൽ സ്‌റ്റേഷൻ
സാങ്കേതികതയുടെ നൂലാമാലയിൽ നിന്ന് ഇതിനും മോചനം നേടാതെ നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ നിർമാണ പദ്ധതി.
ഇതിനായി മണ്ണ് പരിശോധന കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും തുടർ പ്രവർത്തനങ്ങളില്ലാതെ സ്തംഭിച്ചിരിക്കുകയാണ് പദ്ധതി. സ്ഥലസൗകര്യം ഇല്ലാത്തതിന്റെ പേരിൽ വിവിധ സർക്കാർ ഓഫീസുകൾ നഷ്ടമായ നീലേശ്വരത്ത് മിനി സിവിൽ സ്‌റ്റേഷൻ വേണമെന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി എം രാജഗോപാലൻ എം എൽ എ സമർപ്പിച്ച നിർദേശത്തെ തുടർന്ന് സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. നിലവിൽ നീലേശ്വരം വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വരുന്ന സ്ഥലമാണ് നിർദിഷ്്ട മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ 27നാണ് ഇവിടെ മണ്ണ് പരിശോധന പൂർത്തിയാക്കിയത്.
പി ഡബ്ല്യു ഡി കെട്ടിടം വിഭാഗം ഉണ്ടാക്കിയ പ്ലാൻ റവന്യൂ വകുപ്പ് അംഗീകരിച്ച് മുന്നോട്ട് പോയിരുന്നു. പ്ലാനിന് പി ഡബ്ല്യു ഡി ഡിസൈൻ വിങ്ങിന്റെ അംഗീകാരം ലഭിച്ചതുമാണ്. പിന്നീട് മണ്ഡലം തലത്തിൽ ചേർന്ന യോഗത്തിൽ കെട്ടിടത്തിന്റെ പ്ലാൻ വിശദമായി പരിശോധിച്ചപ്പോൾ നിലവിലെ പ്ലാനിൽ പാർക്കിങ് ഏരിയ കുറവാണെന്ന് കണ്ടെത്തുകയും പാർക്കിങ് ഏരിയ കൂട്ടി പുതിയ പ്ലാൻ തയ്യാറാക്കാൻ മാസങ്ങൾക്ക് മുമ്പ് തന്നെ പി ഡബ്ല്യു ഡി ബിൽഡിങ്‌സ് വിഭാഗത്തോട് നിർദേശിക്കുകയും ചെയ്തിരുന്നു. പുതിയ പ്ലാൻ റവന്യൂ വകുപ്പ് അംഗീകരിച്ചാലേ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് നീങ്ങാനാകൂ. ഉദ്യോഗസ്ഥർ വേണ്ട വിധം ഇടപെട്ടാൽ എളുപ്പം അഴിക്കാവുന്ന സാങ്കേതിക കുരുക്കുകളിൽ പെട്ട് നട്ടം തിരിയുകയാണ് നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ നിർമാണ പദ്ധതി.
No comments