Breaking News

പെരുങ്കളിയാട്ടത്തിന് ഒരുങ്ങി പുതുക്കൈ മുച്ചിലോട്ട്, നടപ്പന്തൽ സമർപ്പണവും ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നാളെ

പതിനേഴ് സംവത്സരങ്ങൾക്ക് ശേഷം ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പെരുങ്കളിയാട്ടം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ആഘോഷകമ്മറ്റി. പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നിർമ്മിച്ച നടപന്തൽ നാളെ രാത്രി എട്ടു മണിക്ക് എടനീർ മഠാധിപതി സച്ചിദാനന്ദ സ്വാമികൾ സമർപ്പിക്കും. തുടർന്ന് ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എം.രാജഗോപാലൻ എംഎൽഎയും നിർവഹിക്കും. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത അധ്യക്ഷയാകും .ചടങ്ങിൽ ക്ഷേത്രകമാനം രൂപകൽപ്പന ചെയ്ത രാജേന്ദ്രൻ എരമത്തെ എടനീർമഠാധിപതി ആദരിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.ഭാർഗവി, നഗരസഭ കൗൺസിലർ ടി.വി. ഷീബ തുടങ്ങിയവർ ആശംസ നേരും. തുടർന്ന് കാലിക്കറ്റ് മില്ലേനിയം വോയ്സിന്റെ സംഗീത നിശയും ഉണ്ടാകും. പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കളിയാട്ടം ഏൽപ്പിക്കൽ നവംബർ 25ന് നടക്കും. കളിയാട്ടത്തിന് മുന്നോടിയായ നിലം പണി ഡിസംബർ എട്ടിനും പാലക്ക് കുറിയിടൽ പതിനാറിനും കലവറക്ക് കുറ്റിയടിക്കൽ 22നും നടക്കും. ഫെബ്രുവരി രണ്ടിനാണ് തെയ്യത്തിന് വരച്ചുവെക്കൽ ചടങ്ങ് നടക്കുക. ഒരേസമയം രണ്ട് ഭഗവതിമാർ മുടിയെടുക്കുന്ന ജില്ലയിലെ ഏക ക്ഷേത്രമാണ് പുതുക്കൈ മുച്ചിലോട്ട് . ഉദ്ദേശം അഞ്ചു ലക്ഷത്തോളം ഭക്ത ജനങ്ങൾ ഉത്സവത്തിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ,വർക്കിംഗ് ചെയർമാൻമാരായ കെ വി ദിനേശൻ , വി പ്രകാശൻ , കെ പി ബാലകൃഷ്ണൻ , ജനറൽ കൺവീനർ വി. കൃഷ്ണൻ ട്രഷറർ എം വി വിജയൻ മീഡിയാ കമ്മറ്റി ചെയർമാൻ സേതു ബങ്കളം എന്നിവർ സംബന്ധിച്ചു .

No comments