Breaking News

ഹരിത കേരളം മിഷൻ സ്കൂളുകളിൽ ആവിഷ്കരിച്ച ജല ഗുണനിലവാര ലാബ് പദ്ധതി മേക്കാട്ട് മടിക്കൈ സെക്കൻ്റ് ഗവ. വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സജീവമാണ്.

ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജലമലിനീകരണം കുറയ്ക്കാനുമായി ഹരിത കേരളം മിഷൻ സ്കൂളുകളിൽ ആവിഷ്കരിച്ച ജല ഗുണനിലവാര ലാബ് പദ്ധതി മേക്കാട്ട് മടിക്കൈ സെക്കൻ്റ് ഗവ. വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സജീവമാണ്. ഇവിടെയെത്തി ആർക്കും സൗജന്യമായി കുടിവെള്ളം പരിശോധിക്കാം. 100 മില്ലി ലീറ്റർ ജലമാണ് പരിശോധനയ്ക്ക് എത്തിക്കേണ്ടത്. കോളിഫോം, ആസിഡ് അടക്കം 9 തരം പരിശോധനകൾ നടത്തും.2023 ഓഗസ്റ്റ് ഒന്നിനാണ് ലാബ് ഉദ്ഘാടനം ചെയ്തത്. ചെറിയ കാലയളവിൽ തന്നെ 130 ഓളം സാമ്പിളുകൾ പരിശോധിക്കുകയും നിലവാരം കുറവുള്ള സാമ്പിളുകൾക്ക് പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ എത്തുന്നുണ്ട്. നിറം, മണം, പിഎച്ച് എന്നിവയും പരിശോധിക്കുന്നു. വീടുകളിൽ നിന്നും, ഹോട്ടൽ, തട്ടുകടകൾ, ജ്യൂസ് കടകൾ, കാറ്ററിംഗ് ഏജൻസികൾ എന്നിവരും ജലപരിശോധനയ്ക്കായി ഇവിടെയെത്തുന്നുണ്ട്. ആവശ്യക്കാർക്ക് വെള്ളം ശേഖരിക്കാനായി സാമ്പിൾ ബോട്ടിൽ സൗജ്യമായി നൽകുന്നു. സ്കൂളിലെ രസതന്ത്ര ലാബിൻ്റെ സൗകര്യവും പ്രയോജനപ്പെടുത്തുന്നു. പ്രത്യേകം പരിശീലനം ലഭിച്ച കുട്ടികളാണ് പരിശോധന നടത്തുന്നത്. നിർദ്ദേശങ്ങൾ നൽകി ഹയർ സെക്കൻ്ററി വിഭാഗത്തിലെ കെമിസ്ട്രി അധ്യാപിക ഡോ.അമ്പിളി തോമസും കുട്ടികളുടെ കൂടെയുണ്ട്. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ, പി ടി എ പ്രസിഡൻ്റ് ശശീന്ദ്രൻ മടിക്കൈ എന്നിവരുടെ പിന്തുണയും മേൽനോട്ടവും ലാബിൻ്റെ പ്രവർത്തനം സുഗമമാക്കുന്നു. പഞ്ചായത്തിലെ മുഴുവൻ ആൾക്കാരും ലാബിൻ്റെ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. അവധി ദിവസങ്ങളിലും ലാബിൻ്റെ പ്രവർത്തനം സജീവമാണ്.

No comments