Breaking News

സിപിഎം നീലേശ്വരം സെൻട്രൽ ലോക്കൽ സമ്മേളനം: ഔദ്യോഗിക പാനലിനെതിരെ 5 പേർ മത്സരിച്ചു; 4 പേർ ജയിച്ചു.പി.വി. ശൈലേഷ് ബാബു ലോക്കൽ സെക്രട്ടറി.

സിപിഎം നീലേശ്വരം സെൻട്രൽ ലോക്കൽ സമ്മേളനം: ഔദ്യോഗിക പാനലിനെതിരെ 5 പേർ മത്സരിച്ചു; 4 പേർ ജയിച്ചു.പി.വി. ശൈലേഷ് ബാബു ലോക്കൽ സെക്രട്ടറി. ഒരാൾ തോറ്റത് രണ്ട് വോട്ടിന്. നിലവിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ നാലുപേരാണ് പുറത്തായത്. 20 വർഷം മുൻപ് നടന്ന സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച് കമ്മിറ്റിയിലേക്ക് എത്തുകയും സെക്രട്ടറിയാവുകയും ചെയ്തയാളാണ് ശൈലേഷ് ബാബു.
ഡോ. എൻ.പി. വിജയൻ, എം. സത്യൻ കൊയാമ്പുറം, ടി.വി. രാജേഷ് പള്ളിക്കര എന്നിവരാണ് മത്സരിച്ച് കയറിയ മറ്റു മൂന്നു പേർ. മുൻ നഗരസഭാ കൗൺസിലർ പി.സുഭാഷ്, പി. അനൂപ്, അർബൻ ബാങ്ക് ജീവനക്കാരായ എ.വി. സജീവൻ, ടി.വി. സ്നേഹരാജ് എന്നിവരാണ് ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്തായത്.
സെക്രട്ടറി സ്ഥാനത്തേക്ക് ശൈലേഷ് ബാബുവിൻ്റെയും നിലവിലെ സെക്രട്ടറി ഉണ്ണിനായരുടെയും പേരുകൾ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ണി നായർ പിൻമാറുകയായിരുന്നു. നവകേരള സദസ്സ് പരാജയമായിരുന്നുവെന്ന വിമർശനവുമുണ്ടായി.
ജില്ലാ സെക്രട്ടേറിയറ്റംഗം പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ സമ്മേളനത്തിൽ മുഴുനീളെ സന്നിഹിതനായി. എം.വി. കൃഷ്ണൻ, കരുവാക്കൽ ദാമോദരൻ, ടി.വി. ശാന്ത, പി.പി. മു ഹാമ്മദ് റാഫി, കെ.വി. ദാമോദരൻ എന്നിവർ സംസാരിച്ചു.

No comments