Breaking News

കാസർകോട് ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 1, 2 തീയതികളിൽ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.

കാസർകോട് ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 1, 2 തീയതികളിൽ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.
ശാസ്‌ത്രോത്സവത്തിനു മുന്നോടിയായി ഇന്ന് വൈകുന്നേരം പുലിക്കുന്ന് മുതൽ ചെമ്മനാട് സ്‌കൂൾ വരെ വിളംബരഘോഷയാത്ര നടത്തി.നാളെ വൈകിട്ട് മൂന്ന് മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളോടനുബന്ധിച്ച് വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാർഥികളുടെ വൊക്കേഷനൽ എക്‌സ്‌പോയും ഉണ്ടാകും. ജില്ലയിലെ 7 ഉപജില്ലകളിൽ നിന്നായി 122 ഇനങ്ങളിൽ 20260 വിദ്യാർഥികളും ടീച്ചിങ് എയ്ഡ് മത്സരത്തിൽ 42 അധ്യാപകരും പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനം ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളും വൊക്കേഷനൽ എക്‌സ്‌പോ, ചെറുധാന്യങ്ങൾ: ആരോഗ്യത്തിനും സുസ്ഥിരഭാവിക്കും എന്ന വിഷയത്തിലുള്ള സെമിനാറും ഉണ്ടാകും. സിപിസിആർഐ ചീഫ് ടെക്‌നിക്കൽ ഓഫീസർ നിലോഫർ ഇല്യാസ്‌കുട്ടി നേതൃത്വം നൽകും. രണ്ടാംദിനത്തിൽ സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര മേളകളുണ്ടാകും. പ്രവൃത്തിപരിചയമേളയുടെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ കാണാനും വൊക്കേഷനൽ എക്‌സ്‌പോയും വിപണനമേളയും സന്ദർശിക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. നവം1ന് രാവിലെ 10. 30ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മേള ഉദ്ഘാടനം ചെയ്യും. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിക്കും. നവംബർ രണ്ടിന് വൈകുന്നേരം നാല് മണിക്ക് ചേരുന്ന സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി വർക്കിങ് ചെയർമാനുമായ സുഫൈജ അബൂബക്കർ അധ്യക്ഷത വഹിക്കും. കാസർകോട് ടൗണിൽ നിന്നും മത്സരാർഥികളെ മേളയുടെ നഗരിയിലെത്തിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിറ്റി വാഹനസൗകര്യം ഏർപ്പെടുത്തിയതായും ശാസ്ത്രനാടകം, പ്രശ്‌നോത്തരി മത്സരങ്ങൾ ഇതിനകം പൂർത്തിയായതായും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കാസർകോട് പ്രസ്‌ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ ഡിഡിഇ ടി വി മധുസൂദനൻ, സ്‌കൂൾ മാനേജർ സി ടി അഹമ്മദലി, ജമാഅത്ത് ജനറൽ സെക്രട്ടറി എൻ എ ബദറുൽ മുനീർ, പിടിഎ പ്രസിഡന്റ് പി എം അബ്ദുല്ല, പ്രിൻസിപ്പൽ ഡോ.സുകുമാരൻ നായർ, ഹെഡ്മാസ്റ്റർ കെ വിജയൻ പബ്ലിസിറ്റി കൺവീനർ ഇബ്രാഹിം കരീം ഉപ്പള, വി.പി.യൂസഫ്, സത്താർ ആതവനാട്, സ്വീകരണ കമ്മിറ്റി വൈസ് ചെയർമാൻ ഗഫൂർ ദേളി എന്നിവർ പങ്കെടുത്തു.
..................

No comments