Breaking News

പി.ടി.ബി.സ്മാരക ബാല ശാസ്ത്ര പരീക്ഷ ആഗസ്റ്റ് 15 ന് ആരംഭിക്കും.

വിദ്യാർത്ഥികളുടെ വായന ശീലവും അന്വേഷണാഭിരുചിയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ശസ്ത്ര- സോഷ്യൽ ആക്ഷൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന പി.ടി.ബി.സ്മാരക ബാല ശാസ്ത്ര പരീക്ഷ ആഗസ്റ്റ് 15 ന് ആരംഭിക്കും. വിദ്യാഭ്യാസ വിചക്ഷണനും ജനകീയ ശാസ്ത്രകാരനുമായ പി.ടി.ഭാസ്കരപ്പണിക്കരാണ് മുപ്പത് വർഷങ്ങൾക്ക് മുമ്പ് ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചത്. പാഠ്യവും പാഠ്യേതരവു മായ വിഷയങ്ങളിൽ കുട്ടികൾക്ക് ചോദ്യങ്ങൾ നൽകി രണ്ടു മാസം കൊണ്ട് ഉത്തരങ്ങൾ കണ്ടെത്താൻ വഴിയൊരുക്കുക എന്നതാണ് ബാല ശാസ്ത്ര പരീക്ഷയുടെ പ്രത്യേകത.
''ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം' എന്ന രീതിയിൽ രണ്ട് മാസത്തിനകം വിവരങ്ങൾ ശേഖരിച്ച് ഒരു പുസ്തകത്തിൽ എഴുതി തയ്യാറാക്കണം. വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ, രക്ഷിതാക്കൾ, സുഹൃത്തുക്കൾ, വായനശാലകൾ, നവ മാധ്യമങ്ങളിൽ എന്നിവയിൽ നിന്നും ഉത്തരങ്ങൾ (വിവരങ്ങൾ) ശേഖരിക്കാം.
കുട്ടികൾ തയാറാക്കുന്ന ബാല വിജ്ഞാനകോശമാവും ഓരോ വിവരശേഖര പുസ്തകവും .
സ്കൂൾ പ്രവർത്തനങ്ങളിൽ തടസമാകാതെ
ഓൺലൈനിൽ ആണ് പരീക്ഷ നടക്കുക. താല്പര്യമുള്ള അധ്യാപർക്ക് സ്കൂൾ തല കോ-ഓർഡിനേറ്ററായി സ്കൂൾ തലത്തിൽ പരീക്ഷ സംഘടിപ്പിക്കാം. താല്പര്യമുള്ള സ്കൂൾ അധികൃതർ 9447469690 എന്ന നമ്പറിൽ ബന്ധപ്പെട്ട് ആഗസ്റ്റ് 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിക്കുന്ന സ്കൂൾ തല പരീക്ഷ ഒക്ടോബർ 15ന് പി.ടി.ബിയുടെ ജൻമദിനത്തിൽ അവസാനിക്കും. നവമ്പർ 1 ന് മലയാള ഭാഷാ ദിനത്തിൽ സ്കൂൾ തല വിജയികളുടെ വിവരശേഖരണ പുസ്തകത്തിൻ്റെ പി.ഡി.എഫ് ജില്ലാതല വിലയിരുത്തലിന്ന് അയക്കണം.
നവമ്പർ 14 ന് ജില്ലാതലത്തിൽ മികച്ച അഞ്ച് പുസ്തകങ്ങൾക്ക് സമ്മാനങ്ങൾ നൽകും. ഏറ്റവും മികച്ച ഉത്തര പുസ്തകം സംസ്ഥാന തല വിലയിരുത്തലിന് തെരഞ്ഞെടുക്കും.

ഡിസംബർ 29 ,30 തിയ്യതികളിൽ പി.ടി.ബിയുടെ ചരമദിനത്തോടനുബന്ധിച്ച് ദേശീയ ബാലശാസ്ത്ര പ്രതിഭാ സംഗമം നടക്കും. വിവരശേഖര പുസ്തകങ്ങളുടെ മേന്മ, പ്രശ്നോത്തരി, പ്രസംഗ പാടവം എന്നീ ഇനങ്ങളിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽപ്പെട്ടവരെ ബാലശാസ്ത്ര പ്രതിഭാ പുരസ്കാരം നൽകി ആദരിക്കും. 
ഓരോ വിഭാഗത്തിലേയും മികച്ച പത്ത് പ്രതിഭകൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ നൽകും.
കാസർകോഡ് ജില്ലാതല ആലോചനയോഗം കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബാലശാസ്ത്ര പരീക്ഷ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. നന്ദകുമാർ കോറോത്ത് സ്വാഗതവും വിജയകുമാർ ഹരിപുരം നന്ദിയും പറഞ്ഞു. എ.വി.ശ്രീനിവാസൻ, പി.യു.കെ.നായർ, ടി.വി.രാജീവൻ, ഇ.എൻ.പദ്മനാഭൻ, കെ.വി.കുഞ്ഞിക്കൃഷ്ണൻ, ടി.തമ്പാൻ, ഹരിദാസ് കുന്നിയൂർ എന്നിവർ സംസാരിച്ചു.

No comments