Breaking News

ആർട്ടിസ്റ്റ് മോഹന ചന്ദ്രന്റെ കലശം സ്കെച്ചും എഴുത്തുകാരൻ സുറാബിന്റെ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറൽ

നീലേശ്വരം മന്നൻപുറത്തു കാവിലെ പുറത്തേ കലശത്തിന് ആർപ്പുവിളികൾ ഉയരാൻ മണിക്കൂറുകൾ ശേഷിക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കലശം സ്കെച്ചും കലശക്കുറിപ്പും. നീലേശ്വരത്തെ നെഞ്ചേറ്റിയ ചിത്രകാരൻ ആർട്ടിസ്റ്റ് മോഹന ചന്ദ്രൻ വരച്ച കലശം സ്കെച്ചും അത് കണ്ട് നീലേശ്വരം സ്വദേശിയായ എഴുത്തുകാരൻ സുറാബിന്റെ എഴുത്തുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കലശത്തട്ടും തെയ്യത്തിരുമുടിയും പുരുഷാരവുമടങ്ങുന്ന മോഹനചന്ദ്രന്റെ സ്കെച്ചു കണ്ട് അകത്തേ കലശ ദിവസമായ ഇന്നലെ സുറാബ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്: 
മന്ദംപുറം കാവിൽ 
കലശം തുടങ്ങി. ഇന്ന് അകത്തെ കലശം. നാളെ പുറത്തെ. മറ്റന്നാൾ ചന്ത.

നടയിൽ ഭഗവതി, ക്ഷേത്രപാലകൻ, കാളരാത്രി തുടങ്ങിയ തെയ്യക്കോലങ്ങളും, തെങ്ങിൻകള്ളുനിറച്ച കലശത്തട്ടുംകൊണ്ട് ക്ഷേത്രത്തിന് വലം വെയ്ക്കുന്ന കാഴ്ച. പടിഞ്ഞാറുനിന്ന് വലിയ മീൻ കോവയുമായെത്തുന്ന വാല്യക്കാർ. എന്തെല്ലാം കാഴ്ചകൾ. കലശത്തിനിടയിൽ തീവണ്ടിയും കൂകിപ്പായുന്നു. പെട്ടെന്ന് ആൾക്കൂട്ടം രണ്ടാകുന്നു. റെയിലിനു അപ്പുറവും ഇപ്പുറവും.
കാഴ്ചകൾക്ക് ഒരു മാറ്റവുമില്ല. പറച്ചിലുകൾക്കും. പത്രാസു കാണിക്കുന്നവരോട് അന്നും ഇന്നും പറയും. " ഓൻ വല്യ കാവിലെ കലശംതന്നെ.... ". കലശത്തെ ഉയർത്തുകയാണ് അതിന്റെ പൊലിമ.
നാട്ടിൽ പോയിട്ട് കുറേയായി. കാഞ്ഞങ്ങാട് വഴി പോകുമ്പോൾ പാലം കടന്നാൽ നീലേശ്വരം ആകെ മാറിപ്പോയതുപോലെ. പഴയ സുഹൃത്തുക്കളും അവിടെ ഇല്ല. എല്ലാം ഉൾവലിഞ്ഞു മൂടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അങ്ങോട്ട് പോകാതെ വേഗം മടങ്ങും. പെറ്റെടുത്തല്ല ജീവിക്കുക എന്ന് പണ്ട് കുറത്തി പറഞ്ഞിനു പോലും. ഓരോരോ കുറത്തി വചനങ്ങൾ. നാട്ടിൽ ഇല്ലെങ്കിലും ആഘോഷം വരുമ്പോൾ, പുതിയ നാടകം വരുമ്പോൾ, ആർട്ടിസ്റ്റ് മോഹൻ ചന്ദ്രൻ ഇങ്ങനെ ഓരോന്ന് വരച്ചു വിടും. അക്കൂട്ടത്തിൽ ഇന്നയച്ച കലശത്തിന്റെ സ്കെച്ചാണ് ഇത്. 
മതി. സ്നേഹസൗഹൃദങ്ങളും പോയിപ്പോയ നാളുകളും ഓർത്തെടുക്കാൻ ഈ ചിത്രത്തിനു കഴിയുന്നുവെങ്കിൽ അത് ആ വരച്ച കലാകാരന്റെ മിടുക്കു തന്നെയാണ്.
കലശം എനിക്കു ബാല്യമാണ്. ഹലുവയും മധുരവുമാണ്. അന്യം നിന്നുപോയ കാളവണ്ടിയും തൊട്ടിലാട്ടവും മറിമായവുമാണ്. മാറാത്തത് കാവിനോട് ചേർന്നു നിൽക്കുന്ന റെയിലാണ്. എത്രയെത്ര യാത്രക്കാർ ഇതിലൂടെ കടന്നുപോയി. ഓർമ്മകൾ ഇടിയും മിന്നലും മഴയുമാകുന്നു

*സുറാബ്*

No comments