നീലേശ്വരം മന്നൻപുറത്തു കാവ് കലശ മഹോത്സവത്തിനു മുന്നോടിയായുള്ള പൂത്താക്കൽ ചടങ്ങും പൂർത്തിയായി.
നീലേശ്വരം മന്നൻപുറത്തു കാവിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന കലശ മഹോത്സവത്തിനു മുന്നോടിയായുള്ള പൂത്താക്കൽ ചടങ്ങും പൂർത്തിയായി.
പുറത്തേ കലശ ദിവസമായ ഞായറാഴ്ച വൈകിട്ട് തെയ്യക്കോലങ്ങൾക്കൊപ്പം എഴുന്നള്ളിക്കുന്ന കലശത്തട്ടുകൾ അലങ്കരിക്കുന്നതിനുള്ള കവുങ്ങിൻ പൂക്കുല ശേഖരിക്കുന്ന ചടങ്ങാണിത്. കലശം എഴുന്നള്ളിക്കുന്ന തെക്ക്, വടക്ക് 2 കളരികളിൽ നിന്നുള്ള വാല്യക്കാരും കൂട്ടായിക്കാരുമാണ് ഇതിനായി പുറപ്പെടുന്നത്. വടക്കേ കളരിയെ പ്രതിനിധീകരിച്ച് പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ വാല്യക്കാരും കൂട്ടായിക്കാരും ബങ്കളം, ചെരണത്തല, പള്ളത്തുവയൽ, കക്കാട്ട്, പട്ടേന, എന്നിവിടങ്ങളിലെത്തി പൂക്കൾ ശേഖരിച്ച് വടക്കേ കളരിയിലെത്തിച്ചു. വിവിധ ക്ഷേത്രങ്ങൾ, തറവാടുകൾ, വീടുകൾ എന്നിവിടങ്ങളിൽ ഇവർക്ക് സ്വീകരണമൊരുക്കി. പൂക്കാർ കഞ്ഞിയും വിളമ്പി.
ക്ഷേത്രപാലകനീശ്വരന്റെ കലശം കളരിയായ തെക്കേ കളരിക്കാർ കളരി അവകാശികളായ ചാത്തമത്ത് നിടുംകൈ തറവാട് കേന്ദ്രീകരിച്ചാണ് പൂത്താത്തത്. പൊടോത്തുരുത്തി കായക്കീൽ ഭഗവതി ക്ഷേത്രം, ചാത്തമത്ത് ആലയിൽ പാടാർക്കുളങ്ങര ക്ഷേത്രം പരിധികളിലും നിടുംകൈ തറവാട് ചേരിയറ്റവകാശ പരിധിയിലും ഇവർ പൂവ് തേടിയെത്തി. നിടുംകൈ തറവാട്ടിൽ പൂക്കാരുടെ കഞ്ഞിയുമൊരുക്കി. പുറത്തേ കലൾ ദിവസമായ ഞായറാഴ്ച രാവിലെ നിടും കൈ തറവാട്ടിൽ നിന്ന് വാല്യക്കാർ കലശത്തിലേക്കുള്ള കള് തെക്കേ കളരിയിലേക്ക് കൊണ്ടുപോകും.

No comments