താൽക്കാലിക ബസ് സ്റ്റാന്റ് യാർഡ് വേനൽ മഴത്തുടക്കത്തിൽ തന്നെ ചെളിക്കുളമായി.
നീലേശ്വരം നഗരത്തിൽ ഒരുക്കിയ താൽക്കാലിക ബസ് സ്റ്റാന്റ് യാർഡ് വേനൽ മഴത്തുടക്കത്തിൽ തന്നെ ചെളിക്കുളമായി.
നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്റ് മാർച്ച് ഒന്നിന്ന് അടച്ചിട്ട് പണി തുടങ്ങിയതോടെ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് താൽക്കാലിക ബസ് സ്റ്റാന്റ് യാർഡ് ഏർപ്പെടുത്തിയത്. വിഷ്ണു ഏജൻസിസ് പെട്രോൾ പമ്പിന് എതിർവശത്ത് പരിപ്പുവട വിഭവ ശാലയ്ക്ക് സമീപത്തെ സ്ഥലത്താണിത്. മണ്ണിട്ടുയർത്തിയ ഇവിടെ കഴിഞ്ഞ 2 മാസം രൂക്ഷമായ പൊടിശല്യമായിരുന്നു. ആദ്യ മഴ വീണതോടെ തന്നെ പൊടിയും മണ്ണുമെല്ലാം കുഴഞ്ഞ് ചെളിക്കുളമായി. ഇതിന് തൊട്ടരികിൽ തന്നെയാണ് ഓട്ടോ സ്റ്റാന്റും. ബസിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിൽ ഇതു വഴി നടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വഴുതി വീഴാമെന്ന നിലയുണ്ട്. മാസങ്ങൾ നീണ്ട പൊടിശല്യം പ്രകൃതി തന്നെ തൽക്കാലം പരിഹരിമെങ്കിലും ആദ്യ മഴയിൽ തന്നെ ചെളി കുഴഞ്ഞതോടെ മഴ കനത്താലത്തെ സ്ഥിതി എന്താകുമെന്നും ഊഹിക്കാവുന്നതാണ്. കാസറഗോഡ് ജില്ലയിൽ എമ്പാടും നിന്നായി ആയിരങ്ങൾ എത്തുന്ന മന്നൻപുറത്തു കാവ് കലശോത്സവവും സ്കൂൾ തുറപ്പുമെല്ലാം വരാനിരിക്കെ ഇപ്പഴേ മുന്നൊരുക്കമില്ലെങ്കിൽ കാര്യങ്ങൾ ആകെ താറുമാറാകും. പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്പക്സിന്റെ പണി അതിവേഗം പുരോഗമിക്കുന്നതു മാത്രമാണ് ഇതിനെല്ലാം ഇടയിലും നഗരവാസികൾക്കും യാത്രക്കാർക്കും മോട്ടോർ തൊഴിലാളികൾക്കുമെല്ലാം ആശ്വാസം പകരുന്നത്.
No comments