നീലേശ്വരം ക്യാമ്പസിൽ എസ്എഫ്ഐ സൂചനാ സമരം
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ കോഴ്സുകൾ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്എഫ്ഐ സൂചനാ സമരം തുടങ്ങി.
ഹിന്ദി, മലയാളം പഠനവകുപ്പുകൾ നിർത്തലാക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സമരം. വിദ്യാർത്ഥികൾ ക്യാമ്പസ് ഡയറക്ടർക്ക് നിവേദനവും നൽകി. ഇതു സംബന്ധിച്ച നിർണായക യോഗം നാളെ സർവകലാശാല അസ്ഥാനത്ത് നടക്കാനിരിക്കെയാണ് എസ്എഫ്ഐ നീലേശ്വരം ഏരിയാ കമ്മിറ്റി സൂചനാ സമരം നടത്തി നിവേദനം നൽകിയത്. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക് കമ്മിറ്റിയും കഴിഞ്ഞ ദിവസം സമര പ്രഖ്യാപനം നടത്തിയിരുന്നു.
രാജ്യത്തെ ആദ്യ വില്ലേജ് ക്യാമ്പസ് ആണ് നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ.രാജൻ സ്മാരക ക്യാമ്പസ്. 2008 ൽ തുടങ്ങിയ ക്യാമ്പസിൽ ആദ്യഘട്ടത്തിൽ 5 കോഴ്സുകൾ ഉണ്ടായിരുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന എംസിഎ സെന്റർ ആണ് സൗകര്യങ്ങളുടെയും വിദ്യാർത്ഥികളുടെയും കുറവ് ചൂണ്ടിക്കാട്ടി ആദ്യം നിർത്തിയത്. പകരം കോഴ്സ് അനുവദിക്കുകയോ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്തില്ല. ഇതേ കാരണങ്ങൾ പറഞ്ഞ് 2 വർഷം മുമ്പ് എംഎസ്‌സി മോളിക്യുലാർ ബയോളജി കണ്ണൂർ ജില്ലയിലെ പാലയാട് ക്യാമ്പസിലേക്ക് മാറ്റി. ഹിന്ദി, മലയാളം കോഴ്സുകൾ കൂടി ഇവിടെ നിന്ന് മാറ്റിയാൽ ഫലത്തിൽ ക്യാമ്പസ് ഇല്ലാതാകും.
No comments