Breaking News

നീലേശ്വരം കോവിലകം ചിറയുടെ പ്രൗഢി വീണ്ടെടുക്കാൻ കാനായി കുഞ്ഞിരാമൻ

നീലേശ്വരത്തിൻ്റെ ഗതകാല പ്രൗഢിയുടെ ശേഷിപ്പായ കോവിലകം ചിറ നവീകരണത്തിന് പദ്ധതിയുമായി കാനായി കുഞ്ഞിരാമൻ. നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥിയായിരിക്കെ ശില്പകലയിലേക്ക് തിരിയുകയും മനോഹരമായ പ്രതിമകളുടെ നിർമ്മാണത്തിലൂടെ വിശ്വശില്പി എന്ന നിലയിലേക്ക് ഉയരുകയും ചെയ്ത കാനായി കുഞ്ഞിരാമൻ സ്മരണകൾ തുളുമ്പുന്ന നീലേശ്വരം കഴിഞ്ഞ ദിവസം സന്ദർശിച്ചപ്പോഴാണ് പൈതൃക ശില്പ നിർമ്മാണത്തിനുള്ള സന്നദ്ധത അറിയിച്ചത്. വിസ്തൃതമായ ചിറയുടെ മധ്യത്തിൽ നാല്പത് അടി ഉയരത്തിൽ നീലേശ്വരത്തിൻ്റെ ചരിത്രവും സംസ്ക്കാരവും ഇഴചേർത്തുള്ള പൈതൃക ശില്പം തീർത്ത് ചിറയുടെ നാലുഭാഗത്തും ഇരിപ്പിടങ്ങൾ ഒരുക്കി തെക്കെ ഇന്ത്യയിലെ തന്നെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയാണ് അദ്ദേഹത്തെ വന്നു കണ്ട നീലേശ്വരത്തെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരോട് പങ്കുവെച്ചത്. രാജകൊട്ടാരവും സാംസ്കാരിക വൈവിധ്യവും തുറുമുഖവും കോട്ടകളും കൊണ്ട് സമ്പന്നമായിരുന്ന നീലേശ്വരം നഗരത്തിൻ്റെ ഹൃദയഭാഗത്തായാണ് കോവിലകം ചിറ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കാനായി കുഞ്ഞിരാമൻ്റെ ആശയം നടപ്പിലാകുന്നതോടെ നീലേശ്വരത്തിൻ്റെ വികസനത്തിന് വഴിയൊരുക്കും. തളിയിൽ ശിവക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള പന്ത്രണ്ട് പൊതിപ്പാട് വലിപ്പത്തിലുള്ള പന്ത്രണ്ടില കണ്ടത്തിൽ നിന്നും ഇരുന്നൂറ് മീറ്റർ നീളത്തിൽ നിർമ്മിച്ച കനാലിലൂടെ ജലം കൊണ്ട് വന്ന് സംഭരിക്കുന്നതിനാണ് കോവിലകം ചിറ നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചത്. നൂറു കണക്കിന് തൊഴിലാളികൾ കൈകൊണ്ട് മണ്ണ് മാന്തി നിർമ്മിച്ചതിനാൽ കൈത്തോട് ചിറ എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ജലസംഭരണ പ്രവർത്തനത്തിന് നീലേശ്വരം രാജാക്കൻമാർ നടത്തിയ ശ്രമത്തിൻ്റെ ഫലമായാണ് വേനൽക്കാലത്തും നീലേശ്വരം നഗരത്തിൽ ജലക്ഷാമം അനുഭവപ്പെടാത്തത് എന്നതും ചരിത്ര വസ്തുതയാണ്.

No comments