ശില്പത്തിലൂടെ ശില്പി അനശ്വരമാവും
ജീവിച്ചിരിക്കുമ്പോൾ ശിൽപിക്കും, കലാകാരനും അംഗീകാരവും പ്രശസ്തിയും കിട്ടിയില്ലെങ്കിലും മരണാനന്തര ജീവിതത്തിൽ അംഗീകാരവും ബഹുമാനവും അവരെ തേടിവരുമെന്ന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ ഒരു ചിത്രം പോലും വില്ക്കാൻ പറ്റാത്ത ആളായിരുന്നു വാൻഗോഗ് എന്ന വിശ്രുത കലാകാരൻ. മരണാനന്തരമാണ് അംഗീകാരവും പ്രശസ്തിയും അദ്ദേഹത്തെ തേടിവന്നത്. മൈക്കലാഞ്ചലോ ഏറെ പ്രസിദ്ധി നേടിയതും മരണാനന്തരമാണ്. കലാകാരനും ശിൽപിയും അനശ്വരരാവുന്നത് തൻ്റെ കലാരൂപങ്ങൾ കൊണ്ടാണെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു
ഫോക്‌ലാൻ്റിൻ്റെ നേതൃത്വത്തിൽ കേന്ദ്ര കര കൗശല വിഭാഗത്തിൻ്റെ സഹായത്തോടെ നീലേശ്വരം കണിച്ചിറയിൽ നടക്കുന്ന രണ്ട് മാസം നീണ്ട് നിന്നകളിമൺ കരകൗശല ശിൽപശാല യുടെ സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ കര കൗശല വിഭാഗം അസി. ഡയരക്ടർ ഡോ. സജി പ്രഭാകരൻ, ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജ് ജനറൽ മാനേജർ ടി.കെ. രാജേഷ് കുമാർ , ബിജു രാഘവൻ , അഡ്വ. പി. വി. ഹരീഷ്, പി. മണി എന്നിവർ പ്രസംഗിച്ചു.
ഫോക് ലാൻ്റ് ചെയർമാൻ ഡോ. വി. ജയരാജൻ അദ്ധ്യക്ഷനായിരുന്നു . ശിൽപശാല പരിശീലക ബിദുല സ്വാഗതവും രജിത രാജൻ നന്ദിയും പറഞ്ഞു.
No comments