Breaking News

നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഫെബ്രുവരി 26 ന്

നീലേശ്വരത്തിൻ്റെ 
വികസന ചരിത്രത്തിൽ തിളങ്ങുന്ന  അധ്യായം കുറിച്ചുകൊണ്ട് 
നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം ഫെബ്രുവരി 26ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി  രാജേഷ് നാടിന് സമർപ്പിക്കുകയാണ്.  

നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡിൽ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയിൽ 30,000  ചതുര അടി വിസ്തൃതിയിലാണ്  11.3  കോടി രൂപ ചെലവിൽ മൂന്നുനില മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 

ആദ്യ രണ്ടു നിലകളിലായിട്ടായിരിക്കും  വിവിധ സെക്ഷനുകളുടെ പ്രവർത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്.  കൗൺസിൽ ഹാളിന് പുറമെ  മറ്റ്  യോഗങ്ങൾ ചേരുന്നതിനായി  250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും  സ്ത്രീകൾക്കുള്ള പ്രത്യേക വിശ്രമ മുറിയും ഫീഡിങ് സെന്ററും  ഉൾപ്പെടെ  ഒരുക്കിയിരിക്കുന്നു.
കൃഷിഭവൻ,  കുടുംബശ്രീ ഓഫീസുകൾ കൂടി ഇവിടെ പ്രവർത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ  ഒരു കുടക്കീഴിൽ ലഭ്യമാകും. സേവന കാര്യക്ഷമത ഗണ്യമായി വർദ്ധിക്കും. 
നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് കെട്ടിടത്തിൻ്റെ  മൂന്നാം നില നിർമ്മിച്ചിട്ടുള്ളത്. 
രാജാ റോഡിൽ ട്രഷറി ജംഗ്ഷനിൽ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇൻ്റർലോക്ക് പാകിയ റോഡും നിർമ്മിച്ചിട്ടുണ്ട്.  

2010ൽ നഗരസഭയായി മാറിയ ശേഷവും  പഴയ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം തുടർന്ന  നീലേശ്വരം നഗരസഭാകാര്യാലയം സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുകയായിരുന്നു. 
പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവുകയാണ്. 

നീലേശ്വരത്തിൻ്റെ വികസന വഴികളിലെ നിർണ്ണായക നാഴിക്കല്ലാണിത്.   സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനികവുമായ ഈ  മുനിസിപ്പാലിറ്റി കെട്ടിടം എല്ലാ അർത്ഥത്തിലും നാടിന്റെ അഭിമാനമുദ്രയാവുകയാണ്.

പുതിയ മന്ദിരം നാടിന് സമർപ്പിക്കപ്പെടുന്നതിന് പിന്നാലെ   അതിന് സമീപത്തു കൂടി  ദേശീയ പാതയിലെ നെടുങ്കണ്ടയിൽ നിന്ന് ട്രഷറി ജംഗ്ഷനിലേക്ക്  നിർമ്മിക്കപ്പെടുന്ന നിർദിഷ്ട കച്ചേരിക്കടവ് പാലവും സമീപന റോഡും കൂടി യാഥാർത്ഥ്യമാവുന്നതോടെ ഇതുവരെ അവികസിതമായി കിടന്ന ഒരു പ്രദേശം കൂടി നഗരസിരാകേന്ദ്രത്തിൻ്റെ ഭാഗമാകാൻ പോവുകയാണ്. 

2024 ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക്  മന്ത്രി എം.ബി  രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ 
എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥി ആയിരിക്കും. 
നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത സ്വാഗതം പറയും. നഗരസഭാ എഞ്ചിനിയർ വിവി ഉപേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.

വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ പി രവീന്ദ്രൻ, വി.ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത, പി.ഭാർഗവി,
മുൻ എം പി പി കരുണാകരൻ, മുൻ എം.എൽ.എ കെ പി സതീഷ് ചന്ദ്രൻ, മുൻ ഖാദി ബോർഡ് വൈസ് ചെയർമാൻ എം വി ബാലകൃഷ്ണൻ മാസ്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ ഡയറക്ടർ ജയ്സൺ മാത്യു, നഗരസഭ കൗൺസിലർമാരായ ഇ ഷജീർ, റഫീക് കോട്ടപ്പുറം, വി അബൂബക്കർ, മുൻ നഗരസഭ ചെയർമാൻ പ്രൊഫസർ കെ പി ജയരാജൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ വി ദാമോദരൻ, മാമുനിവിജയൻ , എറുവാട്ട് മോഹനൻ, എം. രാജൻ, മടിയൻ ഉണ്ണികൃഷ്ണൻ, 
പി വിജയകുമാർ ,  അഡ്വക്കേറ്റ് നസീർ , മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ,  സുരേഷ് പുതിയടത്ത്,  പി. യു വിജയകുമാർ,  എം ജെ ജോയ് , മൊയ്തു സി.എച്ച്, കെ വി ചന്ദ്രൻ, പി. എം സന്ധ്യ, കെ.വി സുരേഷ് കുമാർ,   വിവി ഉദയകുമാർ  സേതു ബങ്കളം തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ നന്ദി പറയും.

No comments