Breaking News

താലോലം '24 കുടുംബസംഗമം നടത്തി

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യത ചികിത്സ പദ്ധതിയായ ജനനി കാസർഗോഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ താലോലം '24 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ നടന്ന താലോലം '24 ന്റെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ആരോഗ്യ രംഗത്ത് എല്ലാ മേഖലകളിലും ജില്ലാ പഞ്ചായത്ത് നല്ല പ്രോത്സാഹനമാണ് നൽകിക്കൊണ്ടുവരുന്നതെന്നും ഹോമിയോപ്പതി വകുപ്പിന്റെ ജനനി പദ്ധതിയിലൂടെ സമൂഹത്തിന് നല്ല സന്ദേശമാണ് നൽകാൻ കഴിഞ്ഞിരിക്കുന്നത് എന്നും അവർ പറഞ്ഞു. ഉദ്ഘാടനത്തെ തുടർന്ന് സന്തോഷ സൂചകമായി കേക്ക് മുറിയും, ജനനി പദ്ധതി ഗുണഭോക്താക്കൾക്കുള്ള സ്നേഹസമ്മാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു.കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബി. അമ്പിളി അധ്യക്ഷത വഹിച്ചു. ജില്ലാഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ എ. കെ. രേഷ്മ ആമുഖ പ്രസംഗം നടത്തി.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.എൻ. സരിത, വാർഡ് കൗൺസിലർ വന്ദന ബൽരാജ് എന്നിവർ ആശംസകൾ നേർന്നു. ജനനി ജില്ലാ കൺവീനർ ഡോക്ടർ സി.പി.ബഷീറ ബാനു റിപ്പോർട്ട് അവതരിപ്പിച്ചു. 'മിടുക്കരാക്കാം നമ്മുടെ മക്കളെ' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് അശ്വതി അശോകൻ ക്ലാസ് കൈകാര്യം ചെയ്തു. ഡോക്ടർ രതീഷ്. പി സ്വാഗതവും ഡോക്ടർ പി. കെ. വിപിൻരാജ് നന്ദിയും പറഞ്ഞു. ജനനി പദ്ധതിയിലെ ചികിത്സയിലൂടെ കുട്ടികൾക്ക് ജന്മം നൽകാൻ സാധിച്ച ദമ്പതികളുടെ കുടുംബ സംഗമമാണ് താലോലം '24. വന്ധ്യത ചികിത്സയുടെ ചെലവ് അതിഭീമമായ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാർക്ക് പ്രാപ്യമായ ചെലവ് കുറഞ്ഞതും പാർശ്വഫല രഹിതവുമായ ചികിത്സയാണ് ജനനി പദ്ധതിയിലൂടെ ഹോമിയോപ്പതി വകുപ്പ് കഴിഞ്ഞ പത്തോളം വർഷങ്ങളായി സംസ്ഥാനത്തുടനീളം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജനനി പദ്ധതി വഴി കാസർഗോഡ് ജില്ലയിൽ മാത്രം 145 സ്ത്രീകൾ ഗർഭം ധരിക്കുകയും 117 കുട്ടികൾ ജനിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിൽ ജനനി പദ്ധതിയിലൂടെ നൂറിലധികം കുഞ്ഞുങ്ങൾ ജനിച്ച സന്തോഷം പങ്കുവയ്ക്കുന്നതിനായാണ് താലോലം '24 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്.

No comments