ദേശീയപാത നവീകരണം: നീലേശ്വരം പഴയ പാലവും ജനകീയ സമരസമിതിയുടെ പന്തലും പൊളിച്ച് മാറ്റാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം പഴയ പാലം പൊളിച്ച് മാറ്റാനും ഗതാഗതം സുഖമമാക്കാൻ ജനകീയ സമരസമിതിയുടെ പന്തൽ പൊളിച്ച് മാറ്റാനും ജില്ലാ കലക്ടർ ശ്രീധന്യ സുരേഷ് ഉത്തരവിട്ടു.ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട്, ഐ.ഐ.ടി. മദ്രാസ് നടത്തിയ പഠനത്തിന്റെയും ഘടനാപരമായ സുസ്ഥിരത സംബന്ധിച്ച അന്തിമ റിപ്പോർട്ടിന്റെയും നിലവിലുള്ള പ്രധാന പാലം അപകടകരമായ അവസ്ഥയിലാണെന്നും അതിലൂടെയുള്ള ഗതാഗതം എത്രയും വേഗം വഴിതിരിച്ചുവിടണമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അറിയിച്ചതിനാലുമാണ് പാലം പൊളിക്കാൻ ജില്ലാ ദുരന്തനിവാരണ സേന ചെയർമാൻ കൂടിയായ കലക്ടർ ഉത്തരവിട്ടത് പഴയ പാലത്തിലൂടെയുള്ള ഗതാഗതം തുടരുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാഞ്ഞങ്ങാട് ആർ ഡി ഒ യും റിപ്പോര്ട്ട് നൽകിയിട്ടുണ്ട്.തൽഫലമായി, 2026 സെപ്റ്റംബർ 30-ന് നടന്ന ദേശീയപാത 66 നിർമ്മാണ പുരോഗതി അവലോകന യോഗത്തിലാണ് പുതുതായി നിർമ്മിച്ച പാലത്തിലൂടെ ഗതാഗതം സുഗമമായി പുനഃസ്ഥാപിച്ച ശേഷം പഴയ പാലം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്
നീലേശ്വരം ടൗണിലെ പുതുതായി നിർമ്മിച്ച പാലത്തിലൂടെ ഗതാഗതം സുഗമമായി പുനഃസ്ഥാപിച്ച ശേഷം പഴയ പാലം പൊളിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് കളക്ടർ നിർദ്ദേശിച്ചു.
പുതിയ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന്, വാഹനങ്ങൾക്ക് പ്രവേശിക്കാനായി പാലത്തിന്റെ തെക്ക് ഭാഗത്തുള്ള റാമ്പ് സൗകര്യം അടിയന്തര അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സമരക്കാർ സ്ഥാപിച്ചിട്ടുള്ള ഷെഡ് സ്ഥലത്തുനിന്ന് നീക്കം ചെയ്യാനും കളക്ടറുടെ ഉത്തരവിൽ പറയുന്നു . സാഹചര്യത്തിന്റെ അടിയന്തര സ്വഭാവവും പഴയ പാലത്തിന്റെ അപകടകരമായ അവസ്ഥയും കണക്കിലെടുത്ത്, നീലേശ്വരം ടൗണിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് ആവശ്യമായ പോലീസ് സുരക്ഷ ജില്ലാ പോലീസ് മേധാവി ഉറപ്പാക്കേണ്ടതാണെന്നും നീലേശ്വരം നഗരസഭ പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച ആവശ്യമായ മുന്നറിയിപ്പുകൾ നൽകേണ്ടതാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
No comments