നീലേശ്വരം ബ്ലോക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന റസിഡൻഷ്യൽ പ്രോഗ്രാം തുടങ്ങി
നീലേശ്വരം ബ്ലോക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന റസിഡൻഷ്യൽ പ്രോഗ്രാം തുടങ്ങി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ നൂതന പദ്ധതിയായ 'ബ്ലോക്ക് പരിധിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള റസിഡൻഷ്യൽ പ്രോഗ്രാം ഒത്താര 2025 പിലിക്കോട് പഞ്ചായത്തിലെ കദളീവനം റിസോർട്ടിൽ തുടക്കമായി. ബ്ലോക്ക് പരിധിയിലെ ഹൈസ്കൂളുകളിൽ നിന്നുള്ള 50 പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമിനാണ് തുടക്കമായത്. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ നിർവ്വഹിച്ചു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ തീയേറ്റർ ഗ്രൂപ്പ് ആയ play patio theatre ആണ് രണ്ട് ദിവസത്തെ സർഗ്ഗാത്മക പരിശീലനകളരിക്ക് നേതൃത്വം നൽകുന്നത്. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ ലക്ഷ്മി ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം സുമേഷ്, കെ.വി അനിൽകുമാർ,സുനിത.വി.വി അംഗങ്ങളായ എം. കുഞ്ഞിരാമൻ,ചന്ദ്രമതി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.പട്ടികജാതി വികസന ഓഫീസർ സതീഷ് കുമാർ പി.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൃക്കരിപ്പൂർ പ്രമോട്ടർ ജിജിന വി.കെ നന്ദി പറഞ്ഞു.
കുട്ടികളുടെ സർഗ്ഗത്മക വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തലാണ് പദ്ധതിയുടെ ലക്ഷ്യം. വേൾഡ് ഹെൽത്ത് ഓർഗാണൈസേഷൻ മുന്നോട്ട് വയ്ക്കുന്ന പത്തോളം ലൈഫ് സ്കില്ലുകളുടെ വികാസവും കുട്ടികൾക്കുള്ളിലെ പരീക്ഷ ഭയത്തെ കുറയ്ക്കുകയുമാണ് പരിശീലനത്തിലൂടെ ചെയ്യുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ,നാടക,സിനിമ മേഖലയിൽ നിന്നുള്ള അധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ കൈകാര്യം ചെയ്യും.
No comments