ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കാസറഗോഡ് ജില്ലയിൽ ശരിയായ ദിശയിൽ
ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കാസറഗോഡ് ജില്ലയിൽ ശരിയായ ദിശയിലാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകർ വിലയിരുത്തി.
വരും ദിവസങ്ങളിലും കൂടുതൽ ജാഗ്രതയോടെ പ്രവർത്തനം തുടരാനും നിർദേശിച്ചു. പൊതു നിരീക്ഷകൻ റിഷിരേന്ദ്ര കുമാർ, പോലീസ് നിരീക്ഷകൻ സന്തോഷ് സിങ് ഗൗർ, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ആനന്ദ് രാജ് എന്നിവരാണ് ജില്ലാതല അവലോകന യോഗത്തിൽ ഇങ്ങനെ വിലയിരുത്തിയത്. വരണാധികാരി കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ, അസി. റിട്ടേണിങ് ഓഫീസർമാർ, ജില്ലാതല നോഡൽ ഓഫീസർമാർ, പോലീസ്- വനം വകുപ്പ് - എക്സൈസ് ജില്ലാ മേധാവികൾ എന്നിവരുടെ യോഗത്തിലാണ് വിലയിരുത്തൽ. അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ കൂടുതൽ ജാഗ്രത പുലർത്താൻ പൊതു നിരീക്ഷകൻ റിഷിരേന്ദ്രകുമാർ നിർദേശിച്ചു. ജില്ലാ അതിർത്തികളിൽ ജാഗ്രത കടുപ്പിക്കണം. വോട്ടെണ്ണൽ കഴിഞ്ഞ് തിരഞ്ഞെടുപ്പ് ചെലവ് സമർപ്പിക്കുന്നതു വരെയുള്ള ഘട്ടങ്ങളിലും ബന്ധപ്പെട്ട ഉദ്യേഗസ്ഥർ ശക്തമായി പ്രവർത്തിക്കണം. വരും ദിവസങ്ങളിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താനും സമൂഹ മാധ്യമങളിലൂടെ തെറ്റായ പ്രചാരണം നടക്കാതിരിക്കാനും സൂക്ഷ്മ ശ്രദ്ധ വേണമെന്നും കൂട്ടിച്ചേർത്തു. ക്രമസമാധാന പാലനം ഉറപ്പാക്കാൻ പോലീസ് സേന ഉണർന്നു പ്രവർത്തിക്കണമെന്ന് പോലീസ് നിരീക്ഷകൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സദാ ജാഗ്രത വേണമെന്ന് ചെലവ് നിരീക്ഷകൻ പറഞ്ഞു. വരണാധികാരി കെ. ഇമ്പശേഖർ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിച്ചു.ജില്ലാ പോലീസ് മേധാവി പി.ബിജോയി, ജില്ലാ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ് എന്നിർ അതത് മേഖലയിലെ പ്രവർത്തനങ്ങൾ യോഗത്തെ അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 20 മേഖലകളിലെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും അടുത്ത 20 ദിവസം നടത്താന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ പോലീസ് മേധാവി പി.ബിജോയ്, എഡിഎം, കെ.വി.ശ്രുതി, സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.അഖില്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ പി.ഷാജു, പി.ബിനുമോന്‍, റീത്ത നിര്‍മ്മല്‍ ഗോമസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്റഫ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജ്, നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു. ജില്ലയില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വീഡിയോയും പ്രദര്‍ശിപ്പിച്ചു. കലക്ടർ കെ. ഇമ്പശേഖർ സ്വാഗതവും സബ് കലക്ടർ സൂഫിയാൻ അഹമ്മദ് നന്ദിയും പറഞ്ഞു.
No comments