കലവറ നിറച്ചു
നിരവധി വർഷങ്ങൾക്ക് ശേഷം അടോട്ട് മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാടിൽ 2024 ഏപ്രിൽ 8 മുതൽ 12 വരെ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം നടക്കുകയാണ്. മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു .ആദ്യമായി തറവാട് കാരണവരുടെയും ആചാരസ്ഥാനിക്കാരുടെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും തറവാട് അംഗ ങ്ങളുടെയും നേതൃത്വത്തിൽ കന്നിക്കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു . തുടർന്ന് തറവാട്ട് അംഗങ്ങളുടെ കലവറ നിറക്കൽ നടന്നു. പിന്നീട് അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്ത് നിന്നുള്ള കലവറ ഘോഷയാത്ര തറവാട്ടിൽ എത്തിച്ചേർന്നു. മാണിക്കോത്ത് പ്രാദേശിക കമ്മിറ്റി, കൊളവയൽ പ്രാദേശിക കമ്മറ്റിയിൽ പെട്ട അടിമയിൽ ശാക്തേയ ദേവി ക്ഷേത്രം, കാറ്റാടി അയ്യപ്പ ഭജനമന്ദിരം, മൊട്ടമ്മൽ തറവാട് കേന്ദ്രീകരിച്ച് നാട്ടുകാർ എന്നിവരുടെ കലവറ ഘോഷയാത്രയും തറവാട്ടിൽ എത്തിച്ചേർന്നു. വൈകീട്ട് ഇരുന്നൂറിൽ പരം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. വനിതകളുടെ പൂരക്കളിയും നടന്നു. ഏപ്രിൽ 8,9തിയ്യതികളിൽ തറവാട് തെയ്യങ്ങളും 10ന് വയനാട്ടുകുലവൻ തെയ്യം കൂടലും 11ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും കണ്ടനാർ കേളൻ തെയ്യത്തിന്റെ ബപ്പിടൽ ചടങ്ങും നടക്കും.12ന് വയനാട്ടുകുലവനും പരിവാര ദൈവങ്ങളും അരങ്ങിലെത്തും.ചൂട്ടൊപ്പിക്കൽചടങ്ങും നടക്കും.മറപിളർക്കൽ ചടങ്ങോടുകൂടി ഉത്സവത്തിനു സമാപനമാകും.
No comments