Breaking News

ഹരിത ചട്ടം ബ്രോഷർ പ്രകാശനം ചെയ്യ്തു

മാലിന്യമുക്തം നവകേരളം കാമ്പയിൻ സെക്രട്ടറിയേറ്റിൻ്റെയും ഹരിതകേരളം ഏകോപന സമിതിയുടെയും സംയുക്ത യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ജയ്സൺ മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്നു. പൊതു തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി ഇലക്ഷൻ കമ്മീഷൻ തയ്യാറാക്കിയ കൈ പുസ്തകം ഹരിത ചട്ടപാലനം സംശയങ്ങളും മറുപടികളും ജില്ലാ കലക്ടർ കെ.ഇമ്പശേഖർ പ്രകാശനം ചെയ്തു. പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിതചട്ടം പാലിച്ച് എല്ലാ വിഭാഗങ്ങളിലും പെട്ടവരുടെ പിന്തുണയോടെ ലോകസഭ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സാധിക്കണമെന്ന് ജില്ലാകലക്ടർ നിർദ്ദേശിച്ചു. മാലിന്യ മുക്ത നവകേരളത്തിന് ഹരിതാഭമായ തെരെഞ്ഞെടുപ്പ് എന്ന പോസ്റ്ററും ജില്ലാ കലക്ടർ പ്രകാശനം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ഫ്ലക്സ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ പ്രചരണ സാമഗ്രികളായി ഉപയോഗിക്കരുതെന്നും തുണിയോട് സാമ്യമുള്ള നോൺവുവൻ പോളിപ്രൊപ്പലീൻ കൊണ്ടുള്ള ബോർഡുകളും ബാനറുകളും നിരോധിക്കപ്പെട്ടതാണ്. അവ ഒഴിവാക്കണം. വോട്ടെടുപ്പിനു ശേഷം ബോർഡുകളും കൊടിത്തോരണങ്ങളു മറ്റു പ്രചാരണ സാമഗ്രികളും സ്ഥാപിച്ചവർ തന്നെ അഴിച്ചു മാറ്റി തരം തിരിച്ച് യൂസർഫീ ഉൾപ്പെടെ ഹരിത കർമ്മസേനക്കോ മറ്റ് അംഗീകൃത ഏജൻസിക്കോ നൽകേണ്ടതാണ്.
യോഗത്തിൽ നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ ലക്ഷ്മി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജെ പി സി എ ഫൈസി, മാലിന്യമുക്തം നവകേരളം കോ-കോർഡിനേറ്റർ എച്ച് കൃഷ്ണ,സുനിൽകുമാർ ഫിലിപ്പ്, ഹരിദാസ് എം കെ, രജ്ഞിത്ത് കെ.വി, സനൽ എം, എം കണ്ണൻ നായർ, സുരേന്ദ്രൻ ടി.ടി, മിഥുൻ ഗോപി എന്നിവർ സംസാരിച്ചു.
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഏപ്രിൽ ഏഴിനും മെയ് അഞ്ചിനും ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു. കോർ കമ്മറ്റി യോഗം മാർച്ച് 27 ന് 2 മണിക്ക് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും.

No comments